റിയാദ്: ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍. കോടികണക്കിന് വരുന്ന പ്രവാസികളും പെരുന്നാള്‍ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ്. സഊദി ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളായ യു എ ഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത് എന്നിവിടങ്ങളിലും അറബ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ: യാസര്‍ ബിന്‍ റാഷിദ് അല്‍ ദോസരിയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ഡോ: ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖും പെരുന്നാൾ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി.
ഇരു ഹറമുകളിലും ബലിപെരുന്നാള്‍ നിസ്‌കാരത്തിനെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ ഹറം കാര്യാലയം പൂർത്തിയാക്കിയിരുന്നു. പലയിടങ്ങളിലും ആഴ്ചകള്‍ക്കുമുമ്പ് തന്നെ പെരുന്നാള്‍ നിസ്‌കാരത്തിനായി പള്ളികളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഹജ്ജിന്റെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശുദ്ധ ഭവനത്തിലെത്തിയ തീർത്ഥാടകരെ അൽ ദോസരി അഭിനന്ദിച്ചു, ഹജ്ജിന്റെ സൂചനകളിലൊന്ന് മുസ്‌ലിങ്ങൾക്കിടയിൽ ഐക്യവും സമത്വവും കൈവരിക്കലും വിഭജനവും വേർപിരിയലും നിരാകരിക്കലുമാണെന്ന് അൽ ദോസരി പെരുന്നാൾ ഖുതുബ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
അറഫാതിൽ പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധരായ ഹാജിമാര്‍ ബുധനാഴ്ച പുലര്‍ച്ചെ തമ്പുകളുടെ മഹാനഗരമായ മിനാ താഴ്‌വരയില്‍ തിരിച്ചെത്തി. മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ പുലര്‍ച്ചയോടെയാണ് മിനായിലേക്ക് മടക്കം തുടങ്ങിയത്. മിനായിലെത്തുന്ന ഹാജിമാര്‍ ജംറയിൽ കല്ലേറ് കർമം നടത്തുകയാണ്. കല്ലേറ് കർമ്മം പിർത്തിയാക്കിയവർ തല മുണ്ഡനം ചെയ്ത് വിശുദ്ധ വസ്ത്രം മാറി ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുകയാണ്.