ജിദ്ദ: ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് 15 ലക്ഷം വിദേശ ഹാജിമാരാണ് വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ സൗദി അറേബ്യയിലെത്തിയതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അധികൃതർ അറിയിച്ചു.
വിദേശത്തുനിന്ന് വിമാനമാർഗം 14,35,000 തീർഥാടകരാണ് എത്തിയത്. അവരിൽ 2,35,000 പേർ മക്ക റൂട്ട് പദ്ധതിയുടെ ഗുണഭോക്താക്കളാണ്. റോഡ് മാർഗം 60,000 പേരും കപ്പൽ വഴി 4700 തീർഥാടകരുമെത്തി.
ഹജ്ജിന് മുന്നോടിയായി മക്കയിലെ പുണ്യസ്ഥലങ്ങളും മറ്റ് ചരിത്രപ്രദേശങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ് ഹാജിമാർ. കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ രാവിലെയും വൈകീട്ടുമാണ് സന്ദർശനം. പുണ്യകേന്ദ്രങ്ങളായ അറഫ, മിന, മുസ്ദലിഫ, ജംറാത് എന്നിവ ഹജ്ജിന് തൊട്ടുമുൻപ് തീർഥാടകർ സന്ദർശിക്കുന്നുണ്ട്. തീർഥാടകരെ ചൂഷണംചെയ്ത് പണമായോ വസ്തുക്കളായോ സംഭാവനകൾ ശേഖരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.