ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്ന സൽമയെയും സാറയെയും വേർപ്പെടുത്തി; 17 മണിക്കൂർ നീണ്ടുനിന്ന സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയം

0
1196

റിയാദ്: ജനനം മുതൽ ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്ന ഈജിപ്ഷ്യൻ ഇരട്ടകളായ സൽമയെയും സാറയെയും ഡോക്ടർ അബ്ദുല്ല അൽ റബീഹയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘം ബുധനാഴ്ച വിജയകരമായി വേർപെടുത്തി.
31 സർജന്മാർ, കൺസൾട്ടന്റുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിംഗ്, ടെക്നിക്കൽ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് 17 മണിക്കൂർ നീണ്ടുനിന്ന സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തിയത്.

2021 നവംബര്‍ 23 ന് ആണ് പരിശോധനകള്‍ക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കാനും ഈജിപ്ഷ്യന്‍ സയാമിസ് ഇരട്ടകളായ സല്‍മയെയും സാറയെയും റിയാദിലെത്തിച്ചത്. പരിശോധനയില്‍ കുട്ടികളുടെ മസ്തിഷ്‌കവും മസ്തിഷ്‌കത്തിന് ചുറ്റുമുള്ള വെനസ് സൈനസുകളും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലാണെന്ന് വ്യക്തമായി.

പീഡിയാട്രിക് ന്യൂറോസര്‍ജന്‍ ഡോ. മുഅ്തസം അല്‍സഅബിയുടെയും പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. മുഹമ്മദ് അല്‍ഫൗസാന്റെയും പീഡിയാട്രിക് അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. നിസാര്‍ അല്‍സുഗൈബിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മസ്തിഷ്‌കവും തലച്ചോറിന് ചുറ്റുമുള്ള വെനസ് സൈനസുകളും വേര്‍പ്പെടുത്താന്‍ ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളില്‍ നാലു വേറിട്ട ശസ്ത്രക്രിയകള്‍ കുട്ടികള്‍ക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

സൗദി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കിങ്‌ സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റെലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അൽ റബീഹ് പറഞ്ഞു.

കഴിഞ്ഞ 33 വർഷത്തിനിടയിൽ, 23 സഹോദര സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 130 ഒത്തൊരുമിച്ച ഇരട്ടകളെയാണ് സൗദിയിൽ വേർപ്പെടുത്തിയത്. സൽമാൻ രാജാവിനോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനോടും ഡോ. ​​അൽ റബീഹ് തന്റെ ആത്മാർത്ഥമായ അഭിനന്ദനവും നന്ദിയും അറിയിച്ചു.