യൂട്യൂബര്‍ ‘തൊപ്പി’കുടുങ്ങി; കേസെടുത്ത് പോലീസ്

0
8350

മലപ്പുറം: യൂട്യൂബര്‍ ‘തൊപ്പി’ ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തിരിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. ഉദ്ഘാടനപരിപാടി സംഘടിപ്പിച്ച ‘Pepe സ്ട്രീറ്റ് ഫാഷൻ’ കടയുടെ ഉടമയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി, ഉച്ചത്തിൽ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞദിവസമാണ് ഇദ്ദേഹം പോലീസിൽ പരാതി നൽകിയത്. തുടർന്ന് വ്യാഴാഴ്ച പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽനടന്ന കട ഉദ്ഘാടനവും ഇതിൽ പങ്കെടുത്ത ‘തൊപ്പി’യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കൗമാരക്കാരാണ് പരിപാടിയിലെ മുഖ്യാതിഥിയായ ‘തൊപ്പി’യെ കാണാൻ സ്ഥലത്ത് തടിച്ചുകൂടിയത്. ഇതുകാരണം ദേശീയപാതയിൽ ഗതാഗതതടസ്സം നേരിട്ടതായും നാട്ടുകാർ പറഞ്ഞിരുന്നു.

ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബഴേസാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍. ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്.എന്നാല്‍ സഭ്യതയില്ലാതെയും അങ്ങേയറ്റം ടോക്സികായുമാണ് ഇയാള്‍ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക