വ്യാജ സർട്ടിഫിക്കറ്റ്; വിദ്യ പോലീസ് കസ്റ്റഡിയിൽ

0
2422

കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യ പോലീസ് കസ്റ്റഡിയിൽ. കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് വിദ്യ പിടിയിലായത്. അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്.

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവണ്‍മെന്റ് കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലി നേടുന്നതിന് എറണാകുളം മഹാരാജാസ് കോളേജിന്‍റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് അഗളി പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

കേസെടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും വിദ്യയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച തൃക്കരിപ്പൂരിലെ വിദ്യയുടെ വീട് കേന്ദ്രീകരിച്ചും മേപ്പയൂർ, വടകര ഭാഗങ്ങളിലും വ്യാപക തിരച്ചിൽ അഗളി പോലീസ് നടത്തിയിരുന്നു. മേപ്പയൂരിൽ ആരുടെ വീട്ടിൽ നിന്നാണ് വിദ്യയെ കണ്ടെത്തിയതെന്ന കാര്യം വ്യക്തമല്ല. കസ്റ്റഡിയിൽ എടുത്ത വിദ്യയെ അഗളി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റ് അടക്കമുള്ള നടപടികൾ വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.