ഉത്തർപ്രദേശിൽ കൊടും ചൂടിൽ കൂട്ടമരണം; അസമിലും രാജസ്ഥാനിലും വെള്ളപ്പൊക്കം, ചെന്നൈയില്‍ നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

0
2001

ന്യൂഡൽഹി: കൊടും ചൂടിനെ തുടർന്നുള്ള അസുഖങ്ങളിൽ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ മരിച്ചത് 54 പേർ. 44 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള പാറ്റ്‌നയിൽ 44 പേർ മരണപ്പെട്ടു.

അതിനിടെ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി. അസാമിൽ വെള്ളപ്പൊക്കമുണ്ട്. അസമിലെ 10 ജില്ലകളിലായി 37,000ലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലെയ്ക്ക് മാറ്റി. ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കമുണ്ട്. മേഘാലയയിൽ 146 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. നദികൾ കവിഞ്ഞൊഴുകുകയാണ്. ബ്രഹ്‌മപുത്രയിൽ ജലനിരപ്പ് ഉയർന്നു. മേഘാലയയിൽ കുടുങ്ങിയ 2100 ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി.

കനത്ത മഴ രാജസ്ഥാനിലും ദുരിതം തുടരുകയാണ്. പാലി, സിറോഹി, ജോദ് പൂർ ജില്ലകളിൽ അടക്കം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ മുതൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. രാജസ്ഥാനിലെ ജാലോർ ജില്ലയിൽ അതിശക്തമായ മഴയിൽ റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. രാജസ്ഥാനിലെ ജോദ്പൂരിൽ കനത്ത മഴയിൽ വിവിധ കോളനികളിൽ വെള്ളത്തിനടിയിലായി.

ചെന്നൈ നഗരത്തില്‍ കനത്ത മഴ തുടരുകയാണ്. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി. റോഡുകളില്‍ വെള്ളം കയറിയും മരം കടപുഴകിവീണും തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തുന്നുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചെന്നൈയില്‍ ഇറങ്ങേണ്ട ആറ് രാജ്യാന്തര വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. രാജ്യാന്തര വിമാനങ്ങളടക്കം നിരവധി വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുന്നുണ്ട്.