ജിദ്ദ: കപ്പൽവഴി എത്തിയ പ്രഥമ ഹജ്ജ് സംഘത്തെ ജിദ്ദ ഇസ്‌ലാമികതുറമുഖത്ത് സ്വീകരിച്ചു. ജിദ്ദയിലെ സുഡാൻ കോൺസൽ ജനറൽ മുഹമ്മദ് ഹസൻ അലിയോടൊപ്പം സൗദി ഹജ്ജ്-ഉംറ മന്ത്രാലയം, ജിദ്ദ ഇസ്‌ലാമിക് തുറമുഖം, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പ്രതിനിധികളും ചേർന്നാണ് തീർഥാടകരെ സ്വീകരിച്ചത്.
സുഡാനിൽനിന്നുള്ള തീർഥാടകരാണ് കപ്പൽമാർഗം ജിദ്ദ തുറമുഖത്ത് എത്തിയത്. സംഘത്തിൽ 250 സുഡാൻയാത്രക്കാരാണ് ഉണ്ടായിരുന്നത്. തീർഥാടകർക്ക് പൂച്ചെണ്ടുകളും, അജ്വ ഈന്തപ്പഴവും സംസം വെള്ളവും നൽകിയാണ് സ്വീകരിച്ചത്. തീർഥാടകരുടെ ആരോഗ്യനില പരിശോധിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.