വിവാഹവാഗ്ദാനം നല്‍കി പീ‍ഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

0
2464

ഹരിയാന സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീ‍ഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പാലാ സ്വദേശി മാത്യു ജോസ്, കുമളി ചെങ്കര സ്വദേശി സക്കീര്‍ മോന്‍ എന്നിവരാണ് പിടിയിലായത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും പ്രതികള്‍ തട്ടിയെടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഹരിയാനക്കാരിയോട് ഒന്നാം പ്രതി മോളേപ്പറമ്പില്‍ മാത്യു ജോസ് പ്രണയം നടിയ്ക്കുന്നത് സാമൂഹ്യമാധ്യമത്തിലൂടെ. കട്ടപ്പനയില്‍ കച്ചവടം നടത്തിയിരുന്ന ഇയാള്‍ പലയിടങ്ങളില്‍ യുവതിയെ കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചിരുന്നു. കുമളിയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചും പീഡനം നടന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഈ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു രണ്ടാം പ്രതിയായ സക്കീര്‍ മോന്‍. മാത്യു ജോസിന്‍റെ സുഹൃത്ത് കൂടിയായ സക്കീര്‍മോനും റിസോര്‍ട്ടില്‍ വെച്ച് യുവതിയെ ദുരുപയോഗം ചെയ്തു. പിന്നീടാണ് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുന്നത്. മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ തട്ടിയെന്നാണ് യുവതിയുടെ പരാതി.

പരാതിയെ തുടര്‍ന്ന് പ്രതികള്‍ നാടുവിട്ടിരുന്നു. വ്യാപക തിരച്ചിലിനൊടുവില്‍ പ്രതികളെ പിടികൂടിയത് ഡല്‍ഹിയില്‍ നിന്ന്. പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇരുവരും.  ഇന്നലെ വൈകിട്ടാണ് കുമളി എസ് എച്ച് ഒ, ഡി.റ്റി സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുന്നത്.. സമാനമായ പല കേസുകളും പ്രതികള്‍ക്കെതിരെയുണ്ടെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ മാത്യു ജോസിനെയും സക്കീര്‍ മോനെയും റിമാന്‍ഡ് ചെയ്തു.