അർബുദരോഗികളോട് കാരുണ്യം, നൂറുവട്ടം സമ്മതംമൂളി മാതൃകയായി; മുടി മുറിച്ച് മലയാളി ബാലിക

0
1080

അബുദാബി: നീട്ടിവളർത്തിയ മുടി അർബുദ രോഗികൾക്ക് മുറിച്ചു നൽകി മലയാളി ബാലിക. അബുദാബി മയൂർ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി പത്മിനി വിനോദ് ആണ് വിദ്യാർഥികൾക്കു മാതൃകയായത്. അബുദാബിയിൽ മാധ്യമപ്രവർത്തകരായ വിനോദ് പൊതിയത്തിന്റെയും ശാലിനിയുടെയും മകളാണ്. 

മുടി മുറിക്കാൻ ഇഷ്ടപ്പെടാത്ത പത്മിനിയോട് അർബുദ രോഗികൾക്കു വിഗ് വയ്ക്കാനായി ദാനം ചെയ്താലോ എന്നു മാതാവ് ശാലിനി ചോദിച്ചിരുന്നു. പിന്നീട് അതേക്കുറിച്ച് അമ്മയോട് കൂടുതൽ ചോദിച്ചറിഞ്ഞപ്പോൾ പത്മിനിക്കും നൂറുവട്ടം സമ്മതം. തന്റെ മുടിയും ദാനം ചെയ്യണമെന്ന ലക്ഷ്യത്തോടെയായി പിന്നീടുള്ള മുടി പരിചരണം. കരുതലോടെയുള്ള നോട്ടവും മറ്റും കൊണ്ട് ഗംഭീരമാക്കിയ മുടി ഷാർജ ലേഡീസ് ക്ലബ്ബിലാണ് മുടി ദാനം ചെയ്തത്.

പത്മിനി വിനോദ് മുടി മുറിക്കുന്നതിന് മുൻപും ശേഷവും

ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നി ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ 1999ൽ ആരംഭിച്ച ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റുമായി (എഫ്.ഒ.സി.പി) സഹകരിച്ചാണ് ലേഡീസ് ക്ലബ്ബിൽ  മുടി ദാനംചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

നിങ്ങൾക്കും വേണമെങ്കിൽ മുടി മുറിച്ച് പങ്കാളികളാകാം. നിബന്ധനകൾ പാലിക്കണമെന്ന് മാത്രം. മുടിക്ക് കുറഞ്ഞത് 12 ഇഞ്ച് (30 സെ.മീ) നീളം വേണം, നല്ല രീതിയിൽ സംരക്ഷിച്ച മുടി വൃത്തിയുള്ളതും നനവില്ലാത്തതുമായിരിക്കണം,
നീണ്ടതോ ചുരുണ്ടതോ ഭാഗികമായി ചുരുണ്ടതോ നിവർത്തിയതോ ആകാം. പ്രകൃതിദത്ത നിറം ഉപയോഗിച്ച് കളർ ചെയ്തതതും ബ്ലീച്ച് ചെയ്തതും സ്വീകരിക്കും. നീല, പച്ച, പർപ്പിൾ തുടങ്ങി കൃത്രിമ നിറം നൽകിയവ സ്വീകരിക്കില്ല എന്നിവ പാലിച്ചാൽ മതി.

സ്വന്തമായി മുറിക്കുന്നവർ കണ്ടീഷണർ ഉപയോഗിക്കാതെ വൃത്തിയായി കഴുകി ഉണക്കുക, മുടി പിൻ ചെയ്ത് രണ്ട് അഗ്രഭാഗത്തും ഇലാസ്റ്റിക് ബാൻഡ് ഉപയോഗിച്ച് കെട്ടുക, നിശ്ചിത അളവിൽ മുറിച്ചെടുക്കുക, സിപ് ലോക്കുള്ള പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്.

ഇങ്ങനെ സ്വന്തമായി മുറിക്കുന്ന മുടി ഷാർജ, ദുബൈ, അബുദാബി എന്നിവിടങ്ങളിൽ സ്ഥാപിച്ച എഫ്ഒസിപി ബോക്സിൽ 10 ദിർഹവും ചേർത്തു നിക്ഷേപിക്കുകയോ കുറിയറിൽ അയയ്ക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 065065542 എന്ന നമ്പറിലോ info@focp.ae എന്ന മെയിൽ അഡ്രസിലോ ബന്ധപ്പെടാം.