25 മില്യണ്‍ യൂറോ: സൂപ്പര്‍ താരത്തിന് വിലയിട്ട് സഊദി ഓഫര്‍, ആരാണ് ഈ താരം, പ്രത്യേകതകള്‍ അറിയാം

0
2203

റിയാദ്: ഫുട്ബോൾ കളിക്കളത്തിൽ നിറഞ്ഞു നിൽക്കാൻ തന്നെയാണ് സഊദി തീരുമാനം. സൂപ്പർ താരങ്ങളെ എത്തിച്ചു ഈ മേഖലയിൽ നേട്ടം കൊയ്യാനാണ് സഊദിയുടെ നീക്കങ്ങൾ. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ബെല്‍ജിയം സൂപ്പര്‍ താരത്തിന് വമ്പന്‍ ഓഫറുമായി സഊദി അറേബ്യ രംഗത്തെത്തിയിരിക്കുന്നതായാണ് റിപ്പോർട്ട്. ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവാണ് ആ സൂപ്പര്‍ താരം. ചെല്‍സിയുടെ സ്‌ട്രൈക്കറായിരുന്ന ലുക്കാകു കഴിഞ്ഞ സീസണില്‍ വായ്പാടിസ്ഥാനത്തില്‍ ഇന്റര്‍ മിലാനിലായിരുന്നു കളിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താരം സഊദി ക്ലബ് അല്‍ ഹിലാലിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഊദി ഫുട്‌ബോള്‍ ലീഗ് കൂടുതല്‍ വമ്പനായി മാറി കൊണ്ടിരിക്കുകയാണെന്ന് ലുക്കാക്കുവിന്റെ വരവോടെ തെളിയിക്കപ്പെടും. രണ്ട് സീസണുകളിലേക്കായിരിക്കും കരാര്‍ എന്നും ലുക്കാക്കുവിന് 50 മില്യണ്‍ യൂറോയാണ് രണ്ട് സീസണിലേക്ക് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തതെന്ന് ഗോള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, എന്നിവരാണ് ഇതിന് മുമ്പ് സൗദി ക്ലബ്ബുകളില്‍ എത്തിയ സൂപ്പര്‍ താരങ്ങള്‍.

നേരത്തെ ലയണല്‍ മെസ്സിയെ എത്തിക്കാനും സഊദിയിലെ ക്ലബുകള്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇന്റര്‍ മയാമിയില്‍ കളിക്കാനാണ് ആഗ്രഹമെന്ന് താരം അറിയിക്കുകയായിരുന്നു. ഇന്ററുമായുള്ള വായ്പാ കാലാവധി അവസാനിച്ചതോടെ ലുക്കാക്കു ചെല്‍സിയില്‍ തിരിച്ചെത്താനിരിക്കുകയാണ്.

ഇന്ററിനാണെങ്കില്‍ ലുക്കാക്കുവിന് വലിയ തുക നല്‍കാനുള്ള പണമില്ല. ചെല്‍സിയുടെ കോച്ച് മൗറീഷ്യോ പോച്ചെട്ടിനോയ്ക്ക്, ലുക്കാക്കു ഒരു സീസണ്‍ കൂടി ക്ലബില്‍ തുടരുന്നതിനോട് താല്‍പര്യമുണ്ട്. എന്നാല്‍ ക്ലബ് മാറാനുള്ള തീരുമാനത്തിലാണ് ലുക്കാക്കുവെന്ന് ഗോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവില്‍ വമ്പന്‍ ശമ്പളത്തിനാണ് ലുക്കാക്കു പ്രാധാന്യം നല്‍കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ തുക ലഭിച്ചാല്‍ മാത്രമേ നില്‍ക്കേണ്ടതുള്ളൂ എന്നാണ് താരത്തിന്റെ നിലപാട്. ലുക്കാക്കുവിനെ സഊദിയില്‍ എത്തിക്കണമെങ്കില്‍ ചെല്‍സിയുമായി നേരിട്ട് അല്‍ ഹിലാല്‍ ചര്‍ച്ചകള്‍ നടത്തേണ്ടി വരും. അതേസമയം ചെല്‍സി താരത്തെ കൈമാറാന്‍ തയ്യാറാണ്. പുതിയ സീസണ്‍ ആരംഭിക്കും മുമ്പ് ടീം സ്‌ക്വാഡിന്റെ എണ്ണം കുറയ്ക്കാനാണ് ചെല്‍സി പ്ലാന്‍ ചെയ്യുന്നത്. ലുക്കാക്കുവാണ് പോകുന്നതെങ്കില്‍ വലിയൊരു തുക ലാഭിക്കാനും ചെല്‍സിക്ക് സാധിക്കും. 50 മില്യണ്‍ വരെ താരത്തെ വിട്ടുകൊടുക്കാനായി ചെല്‍സി ചോദിച്ചേക്കും. എന്നാല്‍ അല്‍ ഹിലാല്‍ ഇത്ര വലിയ തുക മുടക്കാന്‍ തയ്യാറല്ല. പക്ഷേ കടുത്ത വിലപേശലില്‍ താരത്തെ സ്വന്തമാക്കാനാവും എന്നാണ് അല്‍ ഹിലാലിന്റെ പ്രതീക്ഷ.

നേരത്തെ ഇന്ററില്‍ തന്നെ തുടരാനുള്ള ആഗ്രഹം ലുക്കാക്കു പ്രകടിപ്പിച്ചിരുന്നു. ടീം നേരത്തെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ആഗ്രഹമുണ്ടെങ്കിലും, ഇന്ററിന് ലുക്കാക്കുവിനെ നിലനിര്‍ത്താനുള്ള പണമില്ല. ഇതാണ് സഊദി ക്ലബ് അവസരമായി കാണുന്നത്. സഊദി ക്ലബിന്റെ വമ്പന്‍ ഓഫര്‍ ലുക്കാക്കുവിന് തള്ളിക്കളയാനാവില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്നതോടെ സഊദി ക്ലബിന് ചെറുകിട ലീഗ് എന്ന പേരും മാറിയിട്ടുണ്ട്. ചെല്‍സിയുടെ മറ്റൊരു സ്‌ട്രൈക്കര്‍ ഔബമേയാംഗിനെയും സഊദിയിലെത്തിക്കാന്‍ ക്ലബുകള്‍ ശ്രമിക്കുന്നുണ്ട്. താരവുമായുള്ള കരാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. അല്‍ ഷബാബ്, അല്‍ അഹ്ലി എന്നീ ക്ലബുകളാണ് താരത്തെ സഊദിയിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക