റിയാദ്: സഊദിയിലേക്ക് ചില രാജ്യക്കാർക്കും ചില കാറ്റഗറിയിലുള്ള വിസ പാസ്‌പോർട്ടിൽ ഉള്ളവർക്കും ഇൻസ്റ്റന്റ് ഇ വിസ നേടാമെന്ന് സഊദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. യുകെ, യുഎസ്, ഷെങ്കൻ ടൂറിസം വിസ ഉടമകൾക്കും ഏതെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള സ്ഥിര താമസക്കാർക്കും വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റ് വഴി തൽക്ഷണ ഇവിസ (ഇൻസ്റ്റന്റ് ഇ വിസ) യ്ക്ക് അപേക്ഷിച്ച് സഊദി അറേബ്യയിലേക്ക് സുഗമമായ പ്രവേശനം നേടാമെന്ന് ടൂറിസം മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
യു.എസ്., യു.കെ., അല്ലെങ്കിൽ ഷെങ്കൻ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നുള്ള സാധുവായ ടൂറിസം, ബിസിനസ് വിസ ഉള്ളവർ ഒരിക്കലെങ്കിലും ഇഷ്യൂ ചെയ്യുന്ന രാജ്യത്തേക്ക് ഒരിക്കലെങ്കിലും പ്രവേശിക്കണമെന്ന നിബന്ധനയുണ്ട്. എങ്കിൽ മാത്രമേ സഊദിയിലേക്ക് പ്രവേശനം സാധ്യമാകൂ.
സൂചിപ്പിച്ച ഒഴിവാക്കൽ വിസ ഉടമയുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കൾക്കും അതുപോലെ തന്നെ യു.എസ്., ഇ.യു, യു.കെ എന്നിവിടങ്ങളിൽ സ്ഥിര താമസം നേടിയവർക്കും ഒരേ പ്രവേശന അവകാശം നൽകുന്നു.
സ്ഥിര താമസക്കാർക്ക് അവരുടെ അടുത്ത ബന്ധുക്കൾക്ക് രാജ്യത്തെ എല്ലാ വ്യോമ, കര, കടൽ പ്രവേശന കവാടങ്ങളിൽ ഓൺ-അറൈവൽ വിസ വഴി രാജ്യത്തിലേക്കുള്ള പ്രവേശനം അനുവദിക്കുകയും ചെയ്യും.
ടൂറിസം ലക്ഷ്യസ്ഥാനങ്ങൾ ആസ്വദിക്കാനും വിനോദസഞ്ചാര പരിപാടികളിൽ പങ്കെടുക്കാനും രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ചും ചരിത്രപരമായ ആഴത്തെക്കുറിച്ചും ഉള്ള ഉൾക്കാഴ്‌ചകൾ നേടാനും അവരെ അനുവദിക്കുന്ന, രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുമായി ഭാഗമായാണ് പ്രവേശനനടപടികൾ എളുപ്പമാക്കിയത്.
അതേസമയം, എല്ലായ്‌പ്പോഴും തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കുന്നത് പോലുള്ള നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്നും ഭേദഗതി വരുത്തിയ ടൂറിസം വിസ നിയന്ത്രണ നടപടികളിൽ വ്യക്തമാക്കുന്നു. മാത്രമല്ല, തീർഥാടന കാലത്ത് ഹജ്ജോ ഉംറയോ ചെയ്യുന്നതിനുള്ള അനുമതിയും ഇത്തരം വിസ ഉടമകൾക്ക് നൽകുന്നില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ടൂറിസം വിസ നടപടികളെക്കുറിച്ചും വിസയ്ക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ള രാജ്യങ്ങളെ കുറിച്ചുമുള്ള പട്ടികയും മറ്റു കൂടുതൽ വിവരങ്ങളും ലഭിക്കുന്നതിന് മന്ത്രാലയത്തിൻെറ MOFA വെബ്സൈറ്റ് സന്ദർശിക്കണമെന്നും സഊദി ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു.




