അജ്ഞാതനായ ഒരാൾ വന്ന് അൽപം മദ്യം നൽകുമോ എന്ന് ചോദിച്ചു. അയാൾക്ക് മദ്യം നൽകിയതോടെയാണ് സംഭജവങ്ങളുടെ തുടക്കം
ന്യൂഡൽഹി: മദ്യപിക്കാൻ അജ്ഞാതനെ കൂടെകൂട്ടിയ യുവാവിന് നഷ്ടമായത് സ്വന്തം കാറും ഫോണും ലാപ്ടോപ്പും 18000 രൂപയും. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൂപ്പത്തിമൂന്നുകാരനായ അമിത് പ്രകാശ് ആണ് പൊലീസിൽ പരാതിയുമായി എത്തിയത്. സംഭവത്തെക്കുറിച്ച് പ്രകാശ് പറയുന്നതിങ്ങനെ.
ഓഫിസിൽ നിന്നും ഇറങ്ങിയ ശേഷം സ്വന്തം കാറിൽ ഗോൾഫ് കോഴ്സ് റോഡിലെ ഒരു വൈൻ ഷോപ്പിൽ കയറി മദ്യപിച്ചു. ലഹരി തലയ്ക്കുപിടിച്ച താൻ 2,000 രൂപയാണെന്ന് കരുതി 20,000 രൂപ നൽകി. എന്നാൽ ഷോപ്പ് ഉടമ ബാക്കി 18,000 രൂപ തിരിച്ചുതന്നു. തുടർന്ന് കാറിൽ വന്നിരുന്ന് വീണ്ടും മദ്യപിച്ചു. ഈ സമയത്ത് അജ്ഞാതനായ ഒരാൾ വന്ന് അൽപം മദ്യം നൽകുമോ എന്ന് ചോദിച്ചു. അയാൾക്ക് മദ്യം നൽകി. തുടർന്ന് അയാൾ പറഞ്ഞതനുസരിച്ച് കാറുമായി സുഭാഷ് ചൗക്കിലേക്ക് പോയി. കാറിൽ നിന്നും തന്നെ ഇറക്കിവിട്ടശേഷം അജ്ഞാതൻ കാർ ഓടിച്ചുപോയി. സ്വബോധമില്ലാതിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.
തുടർന്ന് ഓട്ടോറിക്ഷയിലും മെട്രോയിലും കയറിയാണ് വീട്ടിലെത്തിയത്. വൈൻഷോപ്പിൽ നിന്നും നിന്നും ബാക്കി ലഭിച്ച 18000 രൂപ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയും കാറിലുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കാറുമായി കടന്നുകളഞ്ഞ ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണു പൊലീസ്.