12 സഞ്ചാരികളെ രക്ഷപ്പെടുത്തി
കയ്‍റോ: ഈജിപ്തിലെ ചെങ്കടലിൽ വിനോദസഞ്ചാരികളുമായി പോയ ബോട്ടിനു തീപിടിച്ച് മൂന്നു ബ്രിട്ടിഷ് സഞ്ചാരികളെ കാണാതായി. എൽഫിൻസ്റ്റോൺ റീഫിനടുത്തേക്ക് പോകുന്നതിനിടെയാണു ബോട്ടിന് തീപിടത്തമുണ്ടായതെന്ന് ബിബിസി റിപ്പോർട്ടു ചെയ്തു. 15 ബ്രിട്ടിഷ് സഞ്ചാരികളും 14 ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 12 സഞ്ചാരികളെ രക്ഷപ്പെടുത്തി. ഇവർക്കാർക്കും യാതൊരുവിധ പരുക്കുകളില്ലെന്നും എല്ലാവരും ആരോഗ്യവാന്മാരാണെന്നുമാണ് വിവരം.
കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. ജൂൺ ആറിനാണു ബോട്ട് പോർട്ട് ഖലീബ് വിട്ടത്. ഞായറാഴ്ച തിരികെ വരേണ്ടതായിരുന്നു. എൻജിൻ മുറിയിലുണ്ടായ ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക വിവരം. കാഴ്ചക്കാർ പകർത്തിയ ദൃശ്യങ്ങളിൽ ബോട്ട് പൂർണ്ണമായും കത്തിനശിക്കുന്നതു കാണാം.




