അഭിമുഖം ഒന്നുമില്ലാതെ നിയമന ഉത്തരവ്; പ്രമുഖ കമ്പനിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ ജോലി തട്ടിപ്പ്, മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് പണം നഷ്ടമായി

0
843

ദുബൈ: യുഎഇയിലെ പ്രമുഖ കമ്പനിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ ജോലി തട്ടിപ്പ്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് പണം നഷ്ടമായി. ദുബായ് തുറമുഖം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. ഇതേ പേരിൽ വ്യാജ ഫെയ്സ് ബുക്ക് പേജുണ്ടാക്കി അപേക്ഷ ക്ഷണിച്ചാണ് പണം അക്കൗണ്ടിലാക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് അഭിമുഖം ഒന്നുമില്ലാതെയാണ് നിയമന ഉത്തരവ് ലഭിച്ചത്. സൂപ്പർവൈസറായി രണ്ട് വർഷത്തേയ്ക്കായിരുന്നു ‘നിയമനം’. ഈ മാസം 30മുതൽ ജോലി ആരംഭിക്കണമെന്നും നിർദേശിക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടു വർഷത്തെ കരാർപ്രകാരം 4050 ദിർഹമാണ് അടിസ്ഥാന ശമ്പളം. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് ജോലി. അധികസമയം ജോലി ചെയ്താൽ അതിനുള്ള വേതനം നൽകുന്നതാണ്. 30 ദിവസമാണ് വാർഷികാവധി. സൗജന്യ താമസം, ഭക്ഷണം, മെഡിക്കൽ, യാത്ര, ആരോഗ്യ ഇൻഷുറൻസ് എന്നിവയെല്ലാം അനുവദിക്കുന്നു. ഇ–മെയിലിലൂടെയാണ് യുവതി ബന്ധപ്പെട്ടതെങ്കിലും മറുപടി വാട്സാപ്പിലൂടെയാണ് നൽകുന്നത്.

യുഎഇയിലെ മൊബൈൽ നമ്പരിൽ നിന്നാണ് സന്ദേശം. കമ്പനിയുടെ ലോഗോയുള്ള ലറ്റർ പാഡിലാണ് നിയമന ഉത്തരവ് എങ്കിലും അതിൽ ലാൻഡ് ലൈൻ നമ്പർ ഇല്ല. മൊബൈൽ നമ്പരിലേയ്ക്ക് വിളിച്ചാൽ സ്വിച്ഡ് ഓഫാണ് കാണിക്കുന്നത്. കമ്പനി സീലും എച്ച് ആർ അഡ്മിനിസ്ട്രേഷൻ മാനേജരുടെ കൈയൊപ്പുമുള്ളതാണ് കത്ത്. ഇതേ നിയമന ഉത്തരവ് ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് പേരുകൾ മാത്രം മാറ്റി നൽകുന്നു.

തുടർന്ന് അവസാന നിമിഷം വൻ തുക ഏജൻസി ഫീസായി ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ജോലി കിട്ടിയ കാര്യം ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം പറഞ്ഞുപോയതിനാൽ ചോദിച്ച തുക പലരും നൽകുന്നു. മാത്രമല്ല, മികച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും കാണുമ്പോഴുണ്ടാകുന്ന ആവേശമാണ് പലരെയും കുഴിയിൽ ചാടിക്കുന്നത്. എന്നാൽ, കോഴിക്കോട്ടെ യുവതി ദുബായിലുള്ള ബന്ധുക്കള്‍ക്ക് വിവരം കൈമാറുകയും അവർ പരിശോധിക്കുകയും ചെയ്തപ്പോഴാണ് വ്യാജ നിയമന കത്താണെന്ന് മനസിലായത്. എന്നാൽ, ഇത്തരത്തിൽ അന്വേഷണം നടത്തിയ മറ്റു പലരും വ്യാജമാണെന്ന് വിവരം നൽകിയിട്ടും അത് വിശ്വസിക്കാതെ പണം നൽകുകയും സ്വന്തമായി സന്ദർശക വീസയെടുത്ത് യുഎഇയിലെത്തുകയും ചെയ്ത് പ്രതിസന്ധിയിലായിട്ടുണ്ട്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക