മക്ക: ഇന്ത്യൻ സ്ഥാനപതി സുഹൈൽ അജാസ് ഖാൻ, മക്കയിലും മദീനയിലുമുള്ള ഹജ് തീർഥാടകരെ സന്ദർശിച്ചു. ഇന്ത്യൻ ഹജ് മിഷൻ ഒരുക്കിയ ആശുപത്രികളിലും സന്ദർശനം നടത്തി. തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നെത്തിയ ഹജ് തീർഥാടകരുടെ വിവരങ്ങൾ അന്വേഷിക്കാനും അവർക്കുള്ള സേവനങ്ങൾ വിലയിരുത്താനുമാണ് സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ തീർഥാടകരുടെ താമസ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്.
മക്കയിലും മദീനയിലുമുള്ള കെട്ടിടങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം സൗകര്യങ്ങൾ വിലയിരുത്തുകയും തീർഥാടകരുമായി സംസാരിക്കുകയും ചെയ്തു.
ഡോക്ടർമാരുമായി തീർഥാടകരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. 90 ബെഡുകൾ ഉള്ള 3 ആശുപത്രികളും 15 ഡിസ്പൻസറികളുമാണ് മക്കയിൽ ഇന്ത്യൻ ഹജ് മിഷൻ സജ്ജീകരിച്ചിരിക്കുന്നത്.
ബസ് പോയിന്റുകളിൽ സന്ദർശനം നടത്തി തീർഥാടകരുടെ യാത്രാ സൗകര്യങ്ങളും വിലയിരുത്തി. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹജ് കോൺസൽ മുഹമ്മദ് അബ്ദുൾ ജലീൽ തുടങ്ങിയവരും ഉണ്ടായിരുന്നു.