നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം; രഹന ഫാത്തിമക്കെതിരായ തുടർനടപടികൾ കോടതി റദ്ദാക്കി

0
4272

കൊച്ചി: സ്വന്തം മക്കളെ കൊണ്ട് തന്‍റെ നഗ്നശരീരത്തിൽ ചിത്രം വരപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ രഹന ഫാത്തിമക്കെതിരെയുള്ള പോക്‌സോ കേസിലെ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി.

പോക്സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രഹ്ന ഫാത്തിമ നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ രഹനക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നായിരുന്നു രഹനക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. ഈ കേസിൽ പോക്‌സോ വകുപ്പും ചുമത്തിയിരുന്നു.

ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കാരണം കാണിച്ച് ഐടി ആക്ടിലെ 67 വകുപ്പും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടർന്ന് രഹനയുടെ പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സിൽ എറണാകുളം സൗത്ത് പോലീസ് നടത്തിയ റെയ്ഡിൽ ലാപ്‌ടോപ്പും ചിത്രം വരച്ച ബ്രഷും പെയ്ന്‍റും പെൻസിലും മറ്റും പിടിച്ചെടുത്തിരുന്നു.