വിസാ സ്റ്റാമ്പിംഗ് നടപടിക്രമങ്ങള്‍ പ്രവാസി സൗഹൃദമാക്കണം; സഊദി കിരീടാവകാശിക്ക് കത്തെഴുതി കാന്തപുരം

0
4750

മലബാറിലും വി എഫ് എസ് സെന്റര്‍ ആരംഭിക്കണമെന്നും ആവശ്യം

കോഴിക്കോട്: സഊദി അറേബ്യയിലേക്കുള്ള ഫാമിലി, ബിസിനസ്സ്, സ്റ്റുഡന്റസ്, വിസിറ്റിംഗ് അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാമ്പിംഗ് വി എഫ് എസ് കേന്ദ്രങ്ങൾ മുഖേനയാക്കിയത് മൂലമുള്ള  പ്രയാസം നീക്കണമെന്നാവശ്യപ്പെട്ട് സഊദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ   മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കത്തെഴുതി. ഇന്ത്യയിലെ സഊദി അംബാസിഡർ മുഖേന അയച്ച കത്തിൽ വിസാ സ്റ്റാമ്പിംഗിൽ പ്രവാസി സൗഹൃദ ഇടപെടലുകൾ ഉണ്ടാകണമെന്നും വി എഫ് എസ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. 

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ മാസം മുതലാണ് സൗദിയിലേക്കുള്ള വിസാ നടപടികളിൽ മാറ്റം വന്നത്. ട്രാവൽ ഏജൻസികൾ മുഖേന ചെയ്തിരുന്ന സ്റ്റാമ്പിംഗ് നടപടിക്രമങ്ങൾ വി എഫ് എസ് കേന്ദ്രങ്ങളിലൂടെ മാത്രമാണ് ഇപ്പോൾ സാധ്യമാകുന്നത്. തൊഴിൽ വിസക്കും ഈ നിയമം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഹജ്ജ് തീർഥാടനം കഴിയും വരെ ഇളവുണ്ടായേക്കും. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യലടക്കമുള്ള സേവനങ്ങൾ വി എഫ് എസ് വഴിയാണ് ചെയ്യേണ്ടത്.

കൊച്ചിയിലേതടക്കം രാജ്യത്താകെ ഒമ്പത് കേന്ദ്രങ്ങളാണ് വിസാ സേവനങ്ങൾക്കായി നിലവിൽ പ്രവർത്തിക്കുന്നത്. അപ്പോയിൻമെന്റ് എടുത്തതിന് ശേഷം രേഖകൾ ഹാജരാക്കി ബയോമെട്രിക് അടക്കമുള്ള നടപടി ക്രമങ്ങൾ പാലിച്ചെങ്കിൽ മാത്രമേ ഈ സെന്ററുകൾ മുഖേന വിസാ സ്റ്റാമ്പിംഗ് സാധ്യമാകൂ. കേരളം പോലുള്ള പ്രവാസികൾ ധാരാളമുള്ള പ്രദേശത്തെ ഏക വി എഫ് എസ് സെന്ററിന് ഉൾക്കൊള്ളാനാകാത്ത വിധമാണ് അപേക്ഷകരുടെ എണ്ണം എന്നത് അപ്പോയിൻമെന്റ് ലഭിക്കാൻ കാലതാമസം ഉണ്ടാക്കുന്നുണ്ട്. 

സ്റ്റാമ്പിംഗ് നടപടികൾക്കായി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവർ കൊച്ചിയെ ആശ്രയിക്കണമെന്നതും പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ കൊച്ചിക്ക് പുറമെ സൗദി പ്രവാസികൾ ഏറെയുള്ള മലബാറിലും വി എഫ് എസ് സെന്റർ ആരംഭിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ  എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.            വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക