സഊദി അറേബ്യയിൽ ബസ് അപകടം: ഒരാൾ മരിച്ചു, 28 പേർക്ക് പരിക്ക്

0
2066

റിയാദ്: സഊദി അറേബ്യയിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ നജ്‌റാനിൽ പാസഞ്ചർ ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക മെഡിക്കൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നജ്‌റാനെയും ഷറൂര നഗരത്തെയും ബന്ധിപ്പിക്കുന്ന റോഡിൽ ശനിയാഴ്ചയാണ് അപകടം. റോഡ് സുരക്ഷാ അധികൃതരും ഒരു പൗരനും അപകടത്തെക്കുറിച്ച് ഏജൻസിയുടെ ഓപ്പറേഷൻ റൂമിൽ അറിയിച്ചിരുന്നതായി നജ്‌റാനിലെ സഊദി റെഡ് ക്രസന്റ് വക്താവ് പറഞ്ഞു. മരിച്ച വ്യക്തി ഏത് നാട്ടികാരനാണെന്ന് വ്യക്തമല്ല.

തുടർ നടപടികൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ള സുരക്ഷാ, ആരോഗ്യ അധികാരികളുമായി ഏകോപനം നടത്തി. അഞ്ച് മെഡിക്കൽ ടീമുകളെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒരാഴ്ചയ്ക്കിടെ സഊദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ അപകടമാണിത്.

ബുധനാഴ്ച, സഊദി അറേബ്യയിലെ സെൻട്രൽ സിറ്റിയായ ബുറൈദയിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായി പോയ ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമീപ വർഷങ്ങളിൽ, റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സഊദി അധികൃതർ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെയുള്ള ശിക്ഷകൾ കർശനമാക്കിയിട്ടുണ്ട്.

സഊദി അറേബ്യയിലെ ട്രാഫിക് അപകടങ്ങളുടെ വാർഷിക ചെലവ് ഏകദേശം 11.7 ബില്യൺ റിയാൽ ആണെന്നാണ് കണക്കുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ നഗരങ്ങളിൽ 9,420 അപകടങ്ങളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ഈ അപകടങ്ങളിൽ 4,555 മരണങ്ങളും സംഭവിച്ചു.

കഴിഞ്ഞ മാസങ്ങളിൽ സഊദി മാധ്യമങ്ങൾ നിരവധി ഗുരുതരമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം പടിഞ്ഞാറൻ സഊദി അറേബ്യയിലെ തായിഫിൽ മഴ പെയ്ത കാലാവസ്ഥ കാരണം റോഡ് അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർച്ചിൽ തെക്ക്-പടിഞ്ഞാറൻ അസീർ മേഖലയിൽ ബസ് മറിഞ്ഞ് 21 ഉംറ തീർത്ഥാടകർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക