ഹജ്ജ്; ആഭ്യന്തര തീർഥാടകരെ പാർപ്പിക്കാനുള്ള ക്യാമ്പുകൾ ജൂൺ ആദ്യവാരത്തോടെ പൂർത്തിയാക്കാൻ നിർദ്ദേശം

0
1110

ജിദ്ദ: ആഭ്യന്തര തീർഥാടകരെ പാർപ്പിക്കാനുള്ള ക്യാമ്പുകൾ ജൂൺ ആദ്യവാരത്തോടെ പൂർത്തിയാക്കാൻ ബന്ധപ്പെട്ട കമ്പനികൾക്ക് നിർദ്ദേശം. ഇസ്‌ലാമിക കലണ്ടറനുസരിച്ച് ദുൽഖഅദ് 15 (ജൂൺ 4)നു മുമ്പായി ക്യാമ്പുകളുടെ തയ്യാറെടുപ്പ് ജോലികൾ പൂർത്തിയാക്കേണ്ടതാണെന്ന് ഹജ്ജ് മന്ത്രാലയം നിർദ്ദേശിച്ചു.

ജൂൺ അവസാന വാരത്തിൽ നടക്കാനിരിക്കുന്ന ഹജ്ജിന് മുന്നോടിയായി സൗദിയിൽനിന്നുള്ള ആഭ്യന്തര തീർഥാടകരുടെ സേവന ദാതാക്കൾ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ എല്ലാ ജോലികളും പൂർത്തിയാക്കുവാനുള്ള നടപടികൾ തകൃതിയായി നടത്തികൊണ്ടിരിക്കുകയാണ്.

ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ മേൽനോട്ടത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഭ്യന്തര ഹാജിമാർക്കുള്ള എല്ലാ സൗകര്യങ്ങളും വിശുദ്ധ ഹജ്ജ് കർമ്മം നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കുന്നത്. ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുവാനുള്ള രാജ്യത്തിനകത്തുനിന്നുള്ള ആഭ്യന്തര തിർഥാടകരുടെ രജിസ്‌ട്രേഷൻ കഴിഞ്ഞ മാസം ആദ്യവാരത്തിൽതന്നെ പൂർത്തിയാക്കിയിരുന്നു.