എം എ യൂസഫലിയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയക്കും മറുനാടനും തിരിച്ചടി; വാര്‍ത്തകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് കോടതി

0
4101

പിന്‍വലിച്ചില്ലെങ്കില്‍ ഷാജന്‍ സ്‌കറിയയുടെ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാൻ യൂട്യൂബിനും നിർദേശം

ന്യൂഡൽഹി: ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലിയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി. എം എ യൂസഫലിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ 24 മണിക്കൂറാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഗൂഗിളിനും യൂട്യൂബിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


2013 മുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് എം എ യൂസഫലി നല്‍കിയ മാനനഷ്ടക്കേസ് പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ചന്ദ്രധാരി സിങാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഡിയോ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം ഉദേശിച്ചുള്ളതാണെന്നായിരുന്നു യൂസഫലിയുടെ വാദം.

24 മണിക്കൂറിനകം വാര്‍ത്തകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഷാജന്‍ സ്‌കറിയയുടെ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാനും യൂട്യൂബിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഷാജന്‍ ദുരുപയോഗം ചെയ്യുന്നതായി ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശമല്ല അഭിപ്രായ സ്വാതന്ത്ര്യമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് ഷാജൻ സ്‌കറിയയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. വിവിധ കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാർത്തകൾ ഷാജൻ സ്‌കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു. എന്നാൽ ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു ഷാജൻ സ്ക‌റിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ഷാജൻ സ്‌കറിയക്കെതിരെ രൂക്ഷ വിമർശനത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.