ജിദ്ദയിൽ വിഖായ ഹജ്ജ് വളന്റിയർ രെജിസ്ട്രേഷൻ ഉദ്‌ഘാടനം ചെയ്തു

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സേവന രംഗത്ത് സന്നദ്ധരായ വളണ്ടിയര്‍മാരുടെ സേവനം ഉറപ്പു വരുത്തി വിഖായ ഹജ് വളണ്ടിയര്‍ രജിസ്‌ട്രേഷന് ജിദ്ദയില്‍ തുടക്കമായി. രജിസ്‌ട്രേഷന്‍ ജിദ്ദ തല ഉദ്ഘാടനം എസ്. ഐ. സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂർ നിര്‍വഹിച്ചു. ജിദ്ദ എസ്. ഐ. സി ഓഫീസില്‍ വെച്ച് നടന്ന യോഗത്തില്‍ എസ്. ഐ. സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കൽപകഞ്ചേരി, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, ചെയര്‍മാന്‍ നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി, എസ്. ഐ. സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഉസ്മാന്‍ എടത്തില്‍, വിഖായ സഊദി നാഷണൽ കൺവീനർ ദിൽഷാദ് തലാപ്പിൽ, മൊയ്‌ദീൻ കുട്ടി അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.

വിഖായ ഹജ്ജ് വളന്റിയർ സഊദി നാഷണല്‍തല ഉദ്ഘാടനം മദീനയില്‍ വെച്ച് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ നിര്‍വഹിച്ചിരുന്നു. എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ചെത്തുന്ന ഹാജിമാര്‍ക്ക് ചെയ്യുന്ന സേവനം വിലമതിക്കാന്‍ കഴിയാത്ത പുണ്യമാണെന്ന് ആലിക്കുട്ടി മുസ് ലിയാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പുണ്യ സ്ഥലങ്ങളായ മിന, മുസ്ദലിഫ, മക്ക, മദീന എന്നിവിടങ്ങളില്‍ ഹജ് ദിനങ്ങളിലാണ് വിഖായ വളന്റിയർമാർ സേവനമനുഷ്ഠിക്കുന്നത് എന്നത് വലിയ അനുഗ്രഹമാണെന്നും ഇരു ലോകവും വിജയിപ്പിച്ചെടുക്കാന്‍ ഇതുപോലൊരു അവസരം വേറെ കിട്ടിയെന്നു വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് പരമാവധി അംഗങ്ങളെ ഈ വര്‍ഷത്തെ ഹജ് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിഖായ രംഗത്തിറക്കുമെന്ന് എസ്. ഐ. സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ അറിയിച്ചു.