സഊദിയിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന

0
1105

ജിദ്ദ: സഊദിയിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 42 ശതമാനം വർധന രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ജനുവരി ഒന്നു മുതൽ ഏപ്രിൽ അവസാനം വരെയുള്ള നാലു മാസക്കാലത്ത് സഊദി വിമാനത്താവളങ്ങളിലൂടെ 35.8 ദശലക്ഷം പേരാണ് യാത്ര ചെയ്തത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിമാന യാത്രക്കാർ 25.3 ദശലക്ഷമായിരുന്നു. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് 2019 ൽ ആദ്യത്തെ നാലു മാസക്കാലത്ത് വിമാന യാത്രക്കാർ 33.7 ദശലക്ഷമായിരുന്നു.

കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം വിമാന സർവീസുകളുടെ എണ്ണം 23.5 ശതമാനം തോതിൽ വർധിച്ചു. നാലു മാസത്തിനിടെ 2,63,000 ഓളം വിമാന സർവീസുകളാണ് നടന്നത്. കഴിഞ്ഞ വർഷം ആദ്യത്തെ നാലു മാസക്കാലത്ത് 2,12,500 ഓളം സർവീസുകളാണ് നടന്നത്.

സഊദി വിമാനത്താവളങ്ങളിൽ നിന്ന് സർവീസുള്ള നഗരങ്ങളുടെ എണ്ണം 131 ആയി ഉയർന്നു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ 74 നഗരങ്ങളിലേക്കാണ് സർവീസുകളുണ്ടായിരുന്നത്. ഇതിനെ അപേക്ഷിച്ച് ഈ വർഷം 57 നഗരങ്ങളിലേക്ക് അധികം സർവീസുകൾ നടത്തി. കൊറോണ മഹാമാരി വ്യാപനത്തിന് മുമ്പ് 2019 ൽ ആദ്യത്തെ നാലു മാസക്കാലത്ത് 112 നഗരങ്ങളിലേക്കാണ് സർവീസുകളുണ്ടായിരുന്നത്.