ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അറബ് ലോകത്തിന്റെ പിന്തുണ തേടി സെലെൻസ്കി അറബ് ഉച്ചകോടിയിൽ

0
1202

ജിദ്ദ: ജിദ്ദയിൽ നടന്ന അറബ് ഉച്ചകോടിയിൽ ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുടെ സാന്നിധ്യം ശ്രദ്ധേയമായി. ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 10 ഇന സമാധാന സംരംഭത്തിന് പിന്തുണ ആവശ്യപ്പെട്ടാണ് സെലെൻസ്കി ചെങ്കടൽ തീരത്തെ ജിദ്ദയിൽ സഊദി അറേബ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉച്ചകോടിയിൽ എത്തിയത്. സഊദി അറേബ്യയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഉക്രേനിയൻ പ്രസിഡന്റ് ജിദ്ദയിൽ എത്തിച്ചേർന്നത്. അതേസമയം, സർപ്രൈസ് സന്ദർശനം എന്നാണ് അൽ ജസീറ സെലൻസ്കിയുടെ സന്ദർശനത്തെ വിശേഷിപ്പിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യയിൽ തന്റെ ആദ്യ സന്ദർശനം നടത്തുന്ന സെലെൻസ്‌കി, ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് ഉച്ചകോടിയിൽ പങ്കെടുത്ത അറബ് രാഷ്ട്ര നേതാക്കൾക്കും പ്രതിനിധികൾക്കും മുന്നിൽ 10 ഇന സമാധാന പദ്ധതി മുന്നിൽ വെച്ചത്. യുദ്ധം അവസാനിപ്പിക്കാനും ഇടനിലക്കാരില്ലാതെ തന്റെ രാജ്യത്ത് സമാധാനം സ്ഥാപിക്കാനും ഉക്രെയ്നുമായി നേരിട്ട് പ്രവർത്തിക്കാൻ അദ്ദേഹം അറബ് നേതാക്കളോട് ആവശ്യപ്പെട്ടു. “ശത്രു കൈവശം വച്ചിരിക്കുന്ന മിസൈലുകൾ ഞങ്ങളുടെ പക്കലില്ല, ശത്രുവിന്റെ കഴിവുകൾക്ക് തുല്യമായ വ്യോമ ശേഷി ഞങ്ങളുടെ പക്കലില്ല…, പക്ഷേ ഞങ്ങൾ ശക്തമായി തുടരുന്നു, കാരണം സത്യം നമ്മുടെ ഭാഗത്താണെന്ന് ഞങ്ങൾക്കറിയാം” സെലൻസ്കി അറബ് രാഷ്ട്രങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

“ഞങ്ങൾ ഞങ്ങളുടെ ഭൂമിയിൽ നിന്ന് അധിനിവേശക്കാരെ തുരത്താൻ ശ്രമിക്കുകയാണ്. തന്റെ ഭൂമിയെ സംരക്ഷിക്കുകയും അടിമത്തത്തിൽ നിന്ന് മക്കളെ സംരക്ഷിക്കുകയും ചെയ്യുന്ന ഏതൊരാളും നീതിയുടെ പാതയിലാണ്, ഈ യോദ്ധാക്കളെയും പോരാളികളെയും എല്ലാ ഉക്രേനിയൻ ജനതയെയും പ്രതിനിധീകരിക്കുന്നുവെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, ഞങ്ങളുടെ സൈന്യം യുക്രെയ്‌നിന്റേതല്ലാതെ മറ്റ് പ്രദേശങ്ങളിലേക്ക് പോയിട്ടില്ലെന്നും മറ്റുള്ളവരുടെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ഒരിക്കലും ആരംഭിച്ചിട്ടില്ലെന്നും, പക്ഷേ ഞങ്ങൾ ഒരിക്കലും ഒരു വിദേശ രാജ്യത്തിനോ മറ്റാർക്കും കീഴടങ്ങില്ല, ഞങ്ങൾ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ ജയിലുകളിലെ കൂടുകളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നമുക്കെല്ലാവർക്കും ഐക്യപ്പെടാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. സമാധാന സൂത്രവാക്യം നടപ്പിലാക്കുന്നതിനും ശത്രുത, യുദ്ധങ്ങൾ, കഷ്ടപ്പാടുകൾ, തിന്മകൾ എന്നിവ കുറയ്ക്കുന്നതിനും സമാധാനത്തെ ബഹുമാനിക്കുന്ന നിങ്ങളെ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു. റഷ്യ ദുർബലമാണ്, അവരുടെ കൈയിൽ കൂടുതൽ ആയുധങ്ങൾ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ അതിനെ തോൽപ്പിച്ചുവെന്നും സെലൻസ്കി ഉച്ചകോടിയിൽ കൂട്ടിച്ചേർത്തു. വിദേശ തടവുകാരെ മോചിപ്പിക്കാൻ സഹായിച്ചതിന് സഊദി അറേബ്യയോട് നന്ദി പറഞ്ഞ സെലൻസ്കി ഉക്രേനിയൻ മുസ്‌ലിം സമൂഹത്തെ സംരക്ഷിക്കാനുള്ള നീക്കങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.

സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ സംഘർഷത്തിന് മധ്യസ്ഥത വഹിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ്, ഉക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യ തടവിലാക്കിയ വിദേശ തടവുകാരെ മോചിപ്പിക്കാൻ അദ്ദേഹം വിജയകരമായി മധ്യസ്ഥത വഹിച്ചു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടരാനും സുരക്ഷ കൈവരിക്കുന്നതിന് സഹായിക്കുന്ന വിധത്തിൽ പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പിന്തുണയ്ക്കാനും സഊദി അറേബ്യയുടെ സന്നദ്ധതമാണെന്നും ഉച്ചകോടിയിലെ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കിരീടാവകാശി പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക