ചായ കുടിക്കാനിരിക്കെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചു, 76 കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക് – വീഡിയോ

0
3085

ഐ ടെല്‍ എന്ന ചൈനീസ് കമ്പനിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്

തൃശ്ശൂര്‍: 76 കാരന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ സംഭവം. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണാണ് ചായ കടയില്‍ ഇരിക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്.

ഐ ടെല്‍ എന്ന ചൈനീസ് കമ്പനിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഷര്‍ട്ടിന്റെ പോക്കറ്റ് പൂര്‍ണമായും കത്തിയെങ്കിലും ഉള്‍ള്ളില്‍ ബനിയന്‍ ധരിച്ചതിനാല്‍ ശരീരത്തില്‍ പൊള്ളലേറ്റില്ലെന്ന് ഏലിയാസ് വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ വര്‍ധിച്ചുവരുകയാണ്.

മരോട്ടിച്ചാലിൽ ഉള്ള ചായക്കടയിൽ ഇരിക്കുമ്പോൾ ഷർട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. കീശയുടെ ഭാഗത്ത് തീ ആളി പടർന്നു. ഫോൺ പെട്ടന്ന് പുറത്തെടുത്തതിനാൽ വലിയ പൊള്ളലേൽക്കാതെ ഏലിയാസ് രക്ഷപ്പെടുകയായിരുന്നു.

ഒരു വർഷം മുൻപ് വാങ്ങിയ ഐ ടെൽ എന്ന കമ്പനിയുടെ ഫോണിന്‍റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. 1000 രൂപയ്ക്ക് വാങ്ങിയ ഫോണിന് വാറണ്ടി ഇല്ലായിരുന്നു. ബനിയൻ ധരിച്ചതിനാൽ ശരീരത്തിൽ പൊള്ളലേറ്റില്ലെന്നും തീപടരുന്നത് കണ്ടപ്പോള്‍ വേഗത്തിൽ തല്ലിക്കെടുത്തിയെന്നും ഏലിയാസ് പറഞ്ഞു. ഫോൺ പൂർണമായും കത്തിനശിച്ചു.

കഴിഞ്ഞ മാസമാണ് ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എട്ട് വയസുകാരി മരിച്ചത്. രാത്രിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഇതിനു പിന്നാലെ കോഴിക്കോട്ടെ ഒരു യുവാവിനും ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളല്‍ ഏറ്റിരുന്നു. വീഡിയോ കാണാം 👇

വീഡിയോ