ലണ്ടൻ: ഇറാനിലെ ഷിറാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിലെ അവശിഷ്ടങ്ങൾ മൂലം കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് തങ്ങളുടെ വിമാനങ്ങളിലൊന്ന് ഇറാനിൽ നിലത്തിറക്കിയതായി ഒമാൻ എയർ അറിയിച്ചു. ഒമാൻ എയറിന്റെ ബോയിംഗ് 737 വിമാനത്തിനാണ് കേടുപാടുകൾ സംഭവിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷിറാസ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡിംഗിനിടെയാണ് റൺവേയിലെ അവശിഷ്ടങ്ങൾ മൂലം വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്ന് ഒമാൻ എയർ പ്രസ്താവനയിൽ അറിയിച്ചു. ഇതേ തുടർന്ന് WY2435 ഫ്ലൈറ്റ് സർവ്വീസുകൾ നിർത്തിവെച്ച് നിലത്തിറക്കിയതായി പ്രസ്താവനയിൽ പറയുന്നു. പ്രാദേശിക സേവന ദാതാക്കളുമായി ഏകോപിപ്പിക്കുകയാണെന്നും കുടുങ്ങിയവർക്ക് ടെഹ്‌റാനിൽ നിന്ന് 680 കിലോമീറ്റർ (420 മൈൽ) തെക്ക് കിഴക്കായി ഷിറാസിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
വിമാനം ഇവിടെ നിന്നും ആസ്ഥാന കേന്ദ്രമായ മസ്കറ്റിലേക്ക് തിരികെ കൊണ്ട് വരാനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ട്. “ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീം വിമാനം സുരക്ഷിതമായി മസ്‌കറ്റിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്, എന്നിരുന്നാലും, പരമപ്രധാനമായ സുരക്ഷാ പരിഗണിച്ച് വിമാനം നിലവിൽ നിലത്തുറപ്പിച്ചിരിക്കുകയാണ്. ഇത് മൂലം മസ്‌കറ്റിലേക്ക് മടങ്ങേണ്ട WY2436 ഫ്ലൈറ്റ് വൈകുകയാണ്.” എയർലൈൻ അറിയിച്ചു.
നിലവിൽ ഇവിടേക്ക് ഒമാൻ എയറിന്റെ നേരിട്ടുള്ള സർവ്വീസുകൾ ഇല്ല. അതിനാൽ തന്നെ, ഒരു ചാർട്ടേഡ് ഫ്‌ളൈറ്റായിട്ടാണ് ഈ റൂട്ട് പ്രവർത്തിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഷിറാസിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പ്രവർത്തിപ്പിക്കാത്തതിനാൽ, “ഒമാൻ എയർ വിമാനത്താവള ജീവനക്കാരെ അവിടെ നിയമിച്ചിട്ടില്ലെന്നും ഒമാൻ എയർ അറിയിച്ചു.
അതേസമയം, കേടായ വിമാനം തിരികെ കൊണ്ടുവരുന്നതിൽ എയർലൈൻ വെല്ലുവിളികൾ നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആണവ പദ്ധതിയുടെ പേരിൽ ഇറാനുമേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം ഇറാനിൽ സ്‌പെയർ ഏവിയേഷൻ പാർട്‌സുകൾ കൈവശം വയ്ക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. അമേരിക്കൻ നിർമ്മിത ഭാഗങ്ങളുള്ള ബോയിംഗ് കമ്പനിയുടെയും എയർബസിന്റെയും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ഇത് സങ്കീർണ്ണമാക്കുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




