ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടിയിട്ടും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയ ഒരു യുവാവ്, ജോലി വലിച്ചെറിഞ്ഞ്, തന്‍റെ ഇഷ്ടങ്ങള്‍ക്കൊപ്പം യാത്ര ആരംഭിച്ചു.
അതെ, 34 -ാം വയസില്‍ സ്റ്റാന്‍ലി ആര്യാന്‍റോയ്ക്ക് ലഭിച്ചിരുന്നത് 55,000 പൗണ്ട് (ഏകദേശം 56 ലക്ഷം രൂപ) ശമ്പളമായിരുന്നു. പക്ഷേ, എല്ലാ ദിവസവും ഒരേ ഓഫീസില്‍ ഒരോ മുഖങ്ങള്‍ കണ്ട് ജോലി ചെയ്യുന്നതില്‍പ്പരം മറ്റൊരു വിരസതയില്ലെന്നാണ് സ്റ്റാന്‍ലിയുടെ നിരീക്ഷണം. അതിനാല്‍ 2018 ല്‍ സ്റ്റാന്‍ലി തന്‍റെ ജോലി രാജി വച്ച് യാത്രകള്‍ക്കായി ഒരുങ്ങി.
മുന്‍ മെക്കാനിക്കൽ എഞ്ചിനീയര്‍ കൂടിയായ സ്റ്റാൻലി പിന്നീടിങ്ങോട്ട് ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി 26 ഓളം രാജ്യങ്ങളിലൂടെ കടന്ന് പോയി. ഓസ്‌ട്രേലിയ, അമേരിക്ക, ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ പട്ടികയില്‍പ്പെടുമെന്ന് മെട്രോ യുകെ റിപ്പോർട്ട് പറയുന്നു. “അന്നുമുതൽ, ഞാൻ ഒരു സ്യൂട്ട്കേസിലാണ് ജീവിക്കുന്നത്,” അദ്ദേഹം പറയുന്നു.
യാത്രയ്‌ക്കൊപ്പം, ഫോട്ടോഗ്രാഫിയും സ്റ്റാന്‍ലി ആര്യാന്‍റോയും താത്പര്യങ്ങളിലൊന്നാണ്. ഇൻസ്റ്റാഗ്രാമിൽ, wickedhunt എന്ന പേരിൽ സ്റ്റാന്‍ലിക്ക് സ്വന്തമായൊരു അക്കൗണ്ട് ഉണ്ട്. വിശാലമായ ആകാശവും ഭൂമിയും കാണിക്കുന്ന വലിയ ഭൂപ്രദേശത്തെ ഉള്‍ക്കൊള്ളുന്ന, രാത്രിയും പകലും ചിത്രീകരിച്ച ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നവയില്‍ മിക്കതും.