നിരവധി മലയാളികളും ജയിലുകളിൽ
ദമാം: മാനസികവും ശാരീരികവും സാമ്പത്തികവുമായി സമൂഹത്തെ കാർന്നുതിന്നുന്ന മയക്ക്മരുന്ന് വിപത്തിനെതിരേ സഊദി അധികൃതർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശത്തോടെ നടക്കുന്ന മയക്കുമരുന്ന് വേട്ട ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ട നിരീക്ഷണത്തിലാണ് കൈകാര്യം എന്നത് തന്നെ ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താമസ സ്ഥലങ്ങളിലോ വാഹനങ്ങളിലോ മറ്റെവിടെയായാലും ശരി മയക്കുമരുന്ന് വിൽപനയോ ഉപയോഗമോ ഉണ്ടായാൽ കൂടെ സഹവസിക്കുന്നവരായാലും സുരക്ഷാ വിഭാഗത്തിന്റെ പിടിയിലകപ്പെട്ടാൽ നിരപരാധിത്വം തെളിയിക്കുന്നത് വരെ മാസങ്ങളോളം തടവറയിൽ കിടക്കേണ്ടിവരും. ജാമ്യം ലഭിക്കാത്ത വിധം വകുപ്പുകളാണ് ഇതിനെതിരെ ചുമത്തുന്നത്. ചുരുങ്ങിയത് രണ്ടോ അഞ്ചോ ഏഴോ വർഷം വീതമുള്ള തടവാണ് കോടതി ഇതിനെതിരെ വിധിക്കുന്നത്. ജയിൽ ശിക്ഷ കഴിയുന്നതോടെ ആജീവനാന്തം വിലക്കേർപ്പെടുത്തിയാണ് നാട് കടത്തുന്നതും. സമീപ ഭാവിയിൽ മൊത്തം ഗൾഫ് രാഷ്ട്രങ്ങളിലേക്കുമുള്ള വിലക്കേർപ്പെടുത്താനും നിയമങ്ങൾ ആലോചിച്ച് വരുന്നതായാണറിവ്.
വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ദുരന്തത്തിന്റെ വിപത്തുക്കൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്നത് തടയാനാണ് സഊദി അധികൃതർ ഗൗരവതരമായി നേരിടാൻ തീരുമാനിച്ചത്. സമീപകാലത്തേതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ വിവിധ വകുപ്പുകൾ ചേർന്നാണ് മയക്കുമരുന്ന് വേട്ടക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ പള്ളികളിൽ മയക്കുന്നരുന്നിനെതിരെ കടുത്ത ഭാഷയിൽ ഉദ്ബോധനവും നൽകിയിരുന്നു.
സഊദിയുടെ വിവിധ മേഖലകളിൽ മയക്ക് മരുന്ന് കേസിലും ചാരായ കേസിലും അകപ്പെട്ട് ജയിലിൽ കഴിയുന്ന ഒട്ടനവധി പേരുടെ കൂട്ടത്തിൽ ഇന്ത്യക്കാരുടെയും എണ്ണം ഈയിടെയായി വർദ്ധിച്ചു വരികയാണെന്ന് സാമൂഹ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ജുബൈൽ ജയിൽ സന്ദർശനത്തിൽ ജുബൈൽ ജയിലിലും മയക്ക്മരുന്നും ചാരായ കേസിലും അകപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചതായി അറിയാൻ കഴിഞ്ഞതായി ജുബൈലിലെ ഇന്ത്യൻ എംബസി സന്നദ്ധ പ്രവർത്തകനും പ്രവാസി വെൽഫെയർ ജന സേവന വിഭാഗം അംഗവുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി മലയാളം പ്രസ്സിനോട് വെളിപ്പെടുത്തി.
ജയിലിൽ കഴിയുന്ന അൻപത്തി ഒന്നിലധികം ഇന്ത്യക്കാരിൽ പതിനൊന്ന് പേരും മയക്ക്മരുന്ന് വിൽപനയിലും ഉപയോഗത്തിലും പെട്ട് ഏഴ് വർഷം വരെ തടവ് വിധിച്ച് അനുഭവിക്കുന്നവരുണ്ട്. മറ്റ് പന്ത്രണ്ട് പേരിൽ ചാരായ വാറ്റും വിൽപനയിലും ഏർപ്പെട്ട് പിടിയിലായി രണ്ടും രണ്ടരയും അഞ്ചും വർഷം തടവ് അനുഭവിക്കുന്നവരാണ്. കൂട്ടുകാരുടെ താമസ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും മറ്റുള്ളവരുടെ കൂടെ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴോ സ്വന്തം വാഹനത്തിൽ മറ്റുള്ളവരെ യാത്ര ചെയ്യാനനുവദിക്കുകയോ ചെയ്യുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ ഗുരുതരമായ ജയിൽ ശിക്ഷ നേരിടേണ്ടിവരുമെന്നും സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടതില്ലെന്നും സൈഫുദ്ധീൻ പൊറ്റശ്ശേരി മുന്നറിയിപ്പ് നൽകുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക