ഖത്തറിൽ സന്ദർശനത്തിനെത്തിയ മുൻ ജിദ്ദ പ്രവാസി കാറിടിച്ച് മരിച്ചു

ദോഹ: ഖത്തറിൽ സന്ദർശനത്തിനെത്തിയ മലയാളി കാറിടിച്ച് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് ദാറുന്നജാത്ത് സെക്രട്ടറിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ കരുവാരക്കുണ്ട് പുന്നക്കാട്ടെ നെച്ചിക്കാടന്‍ ഇസ്ഹാഖ് ഹാജിയാണ് (76) ദോഹയില്‍ വാഹനമിടിച്ച് മരിച്ചത്.

കൂടെയുണ്ടായിരുന്ന ഭാര്യ സാറയെ പരിക്കുകളോടെ ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ സബിതയും പേരമകള്‍ ദിയയും നിസ്സാര പരിക്കുകളോടെ ചികില്‍സയിലുണ്ട്. എഡ്യൂക്കേഷണ്‍ സിറ്റി മെട്രോയില്‍ വന്നിറങ്ങി ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലേക്ക് നടന്നുപോകവേ ലൈബ്രറി പാര്‍ക്കിംഗില്‍ നിന്നും അമിത വേഗതയില്‍ ലെക്‌സസ് കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഏപ്രില്‍ 11 നാണ് ഇസ് ഹാഖ് ഹാജിയും കുടുംബവും ഹയ്യ കാര്‍ഡില്‍ ഖത്തറിലെത്തിയത്. സമസ്ത പണ്ഡിതനായിരുന്ന കെ. ടി മാനു മുസ്ലിയാരുടെ ഭാര്യാ സഹോദരനാണ്. മുൻ ജിദ്ദ പ്രവാസിയുമാണ്.

ജിദ്ദയിൽ ബിസിനസുകാരനായ എൻ. കെ അന്‍വര്‍ ( റീതാ ഫാസ്റ്റ് ഫുഡ്‌), എൻ. കെ ജലീല്‍ ( ഓസ്‌ട്രേലിയ), ഷറഫുന്നീസ, സബിത ( ദോഹ )എന്നിവരാണ് മക്കള്‍. അഞ്ചില്ലൻ ഹുസൈന്‍ പാണ്ടിക്കാട്, ഫസീല കോർമത്ത് മഞ്ചേരി (ജിദ്ദ ), ഡാലിയ, സക്കീര്‍ ഹുസൈന്‍ ( ദോഹ) എന്നിവര്‍ മരുമക്കളാണ്. ഇന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതായിരുന്നു. മയ്യിത്ത് ദോഹയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.