റിയാദ്: സഊദിയിൽ നടന്ന നീറ്റ് പരീക്ഷയിൽ 491 വിദ്യാർഥികൾ പരീക്ഷയെഴുതി. സഊദി അറേബ്യയിലെ ഏക പരീക്ഷ കേന്ദ്രമായ റിയാദ് ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിലാണ് പരീക്ഷ നടന്നത്. ഏഴ് പേർ മാത്രമാണ് ലീവായത്.
രാവിലെ 8.30 മണിയോടെ തന്നെ വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിൽ എത്തി തുടങ്ങിയിരുന്നു. റിയാദിലെ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. കവിതയുടെയും ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറിയും ഇന്ത്യൻ സ്കൂൾ നിരീക്ഷകനുമായ ഷബീർ, സഹ ഉദ്യോഗസ്ഥൻ സൂരജ് എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പരീക്ഷ നടപടികൾ.
21 ക്ലാസ് റൂമുകളിലായി നടന്ന പരീക്ഷ നടത്തിപ്പിനായി മൊത്തം 42 ഇൻവിജിലേറ്റർമാരെ നിശ്ചയിച്ചിരുന്നു. രണ്ട് ഇൻവിജിലേറ്റർമാരുടെ മേൽനോട്ടത്തിൽ 24 പരീക്ഷാർഥികളെയാണ് ഓരോ പരീക്ഷാ ഹാളിലും ക്രമീകരിച്ചിരുന്നത്. 70 ഓളം എംബസി ജീവനക്കാരും പരീക്ഷ നടത്തിപ്പിന്റെ വിവിധ രംഗങ്ങളിൽ സഹകരിച്ചു.
491 പേരുടെയും ഉത്തരകടലാസുകൾ ക്രമീകരിച്ചു എംബസിയിൽ എത്തിക്കുകയും പിന്നീട് ഡൽഹിയിലേക്ക് അയക്കുകയും ചെയ്യുന്ന ചുമതലയും പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഇത്തവണ ഇന്ത്യക്ക് പുറമെ 12 രാജ്യങ്ങളിലായി 14 പരീക്ഷ കേന്ദ്രങ്ങളാണ് നീറ്റ് പരീക്ഷക്കായി ഒരുക്കിയിരുന്നത്. ഇതിൽ എട്ട് കേന്ദ്രങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലാണ്. യു.എ.ഇയിൽ മൂന്നും ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും പരീക്ഷ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.