ജിദ്ദ: നാളെ നടക്കുന്ന ജുമുഅ പ്രഭാഷണത്തിൽ മയക്കുമരുന്നിന്റെ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകാൻ ഇമാമുമാർക്ക് നിർദ്ദേശം. രാജ്യത്തെ മുഴുവൻ ഇമാമുമാർക്കും ഇസ്ലാമിക് അഫയേഴ്സ്, കാൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷൈഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷൈഖാണ് നിർദേശം നൽകിയത്.
എല്ലാ തരം ലഹരിവസ്തുക്കളുടെയും അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും വ്യക്തികൾക്കും സമൂഹത്തിനും അവ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് വിശദീകരിക്കാനുമാണ് മന്ത്രിയുടെ നിർദേശം.
പ്രഭാഷണത്തിനിടെ മയക്കുമരുന്ന് നിരോധനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കണമെന്നും, മയക്കുമരുന്ന് വ്യാപാരികളെയും കള്ളക്കടത്തുകാരെയും കൂട്ടാളികളെയും കുറിച്ച് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്തുകൊണ്ട് സുരക്ഷാ അധികാരികളുമായി സഹകരിക്കേണ്ടതിന്റെയും, അവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചു പൊതുജനങ്ങളെ ഉണർത്തണം.