സഊദി വിസ സ്റ്റാമ്പിങ് വിഎഫ്സ് സെന്ററുകൾ വഴി; നടപടികളും ചിലവുകളും ഇങ്ങനെ

0
7331

മുംബൈ/കൊച്ചി: സഊദി അറേബ്യയിലേക്കുള്ള വിസകൾ സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കിയത് നിലവിൽ വന്നു. മുംബൈയിലെ സഊദി കോൺസുലേറ്റും ന്യൂഡൽഹിയിലെ സഊദി റോയൽ എംബസിയും വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) മാത്രമേ വിസ സ്റ്റാമ്പിങ് സ്വീകരിക്കുകയുള്ളൂ എന്ന് നേരത്തെ അറിയിച്ചിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വി എഫ് എസ് വഴി സഊദി ഫാമിലി വിസിറ്റിംഗ് വിസക്കായി പാസ്സ്പോർട്ട് കോൺസുലേറ്റിൽ സമർപ്പിച്ചതായി ട്രാവൽസ് ഏജൻസികൾ അറിയിച്ചു. നിലവിൽ കൊച്ചിയിലെ വി എഫ് എസ് സെന്ററുകൾ വഴിയാണ് ട്രാവൽസ് ഏജൻസികൾ പാസ്പോർട്ടുകൾ കോൺസുലേറ്റിൽ സമർപ്പിക്കുന്നത്. അതിനാൽ തന്നെ വിസ സ്റ്റാമ്പ് ചെയ്യേണ്ടവർ സാധാരണ രീതിയിൽ ട്രാവൽസ് ഏജൻസികളെ തന്നെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, നേരിട്ട് വി എഫ് എസ് കേന്ദ്രത്തിൽ എത്താൻ കഴിയുന്നവർക്ക് അങ്ങനെയും നൽകാം. അപോയിന്‍മെന്റ് അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം ഇവിടെ സബ്‌മിറ്റ് ചെയ്യേണ്ടത്.

സഊദി വിദേശകാര്യമന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യലടക്കമുള്ള സേവനങ്ങള്‍ വിഎഫ്എസ് തന്നെയാണ് പൂർത്തീകരിക്കുക. നേരിട്ട് വി എഫ് എസ് കേന്ദ്രത്തിൽ പോകുന്നവർ ഇതിനായി നേരിട്ട് അപ്പോയിന്റ്റ്മെന്റ് എടുക്കണം. രാവിലെ 10 മുതൽ ഉച്ചക്ക് 2 മണി വരെയാണ് പാസ്പോർട്ടുകൾ സമർപ്പിക്കാനുള്ള സമയം. പാസ്പോർട്ടുകൾ സമർപ്പിച്ച് കഴിഞ്ഞ് വി എഫ് എസ് സ്വീകരിച്ചാൽ റഫറൻസ് ആയി സ്ലിപ്പ് ലഭിക്കും. പിന്നീട് രണ്ടാഴ്ച്ചക്ക് ശേഷം ഇതേ കേന്ദ്രത്തിൽ എത്തി മുംബൈയിൽ നിന്ന് സ്റ്റാമ്പ് ചെയ്ത് ലഭിക്കുന്ന പാസ്സ്പോർട്ട് സ്വീകരിക്കാം.

എന്നാൽ, സ്വന്തം അഡ്രസിൽ പാസ്സ്പോർട്ടുകൾ നേരിട്ട് ലഭിക്കുന്ന സംവിധാനവും വി എഫ് എസിൽ ലഭ്യമാണ്. ഇതിനായി 1250 ഓളം രൂപ അധികമായി നൽകണമെന്ന് മാത്രം. കൊച്ചിയിൽ പാസ്പോർട്ട്‌ സമർപ്പിച്ച് സ്റ്റാമ്പിങ്ങിനായി നൽകുമ്പോൾ ഏകദേശം 15,500 രൂപയാണ് ഒരു പാസ്പോർട്ടിനായി നൽകേണ്ടത്. ഇതിന് പുറമെയാണ് പാസ്പോർട്ടുകൾ അഡ്രസിൽ എത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ള അധിക ഫീസ്. വി എഫ് എസ് കേന്ദ്രങ്ങളിൽ നിന്ന് പാസ്പോർട്ടുകൾ സ്റ്റാമ്പ് ചെയ്ത് കിട്ടാൻ രണ്ടാഴ്ച്ച സമയമാണ് അറിയിക്കുന്നത്.

പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്‌കാര പ്രകാരം സഊദിയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാണ്. വി എഫ് എസ് മാത്രമായി മാറുന്നതിനു മുന്നോടിയായി ട്രാവൽ ഏജൻസികളുടെ കൈവശമുള്ള പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടി സമർപ്പിക്കാൻ നേരത്തെ കൂടുതൽ സമയം നൽകിയിരുന്നു.

കൊച്ചിയെ കൂടാതെ മുംബൈ, ചെന്നൈ വിഎഫ്എസ് കേന്ദ്രങ്ങളാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആശ്രയം. പുതുതായി കൂടുതൽ സെന്ററുകൾ വരാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുംബൈയിലെ വി എഫ് എസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക