ജിദ്ദ: സുഡാനിൽ നിന്ന് സഊദി അറേബ്യ സ്വദേശികളും വിദേശികളുമായി 133 പേരെകൂടി ജിദ്ദയിലെത്തിച്ചു. വിമാനത്തിലും കപ്പലിലുമായാണ് ഇത്രയും പേരെ എത്തിച്ചത്. സുഡാനിൽനിന്ന് കൂടുതൽ പേരെ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിക്കാനുള്ള ശ്രമങ്ങൾ സഊദി അറേബ്യക്ക് കീഴിൽ തുടരുകയാണ്.
45 സ്വദേശികളെയും 36 വിദേശികളെയും റോയൽ സൗദി എയർഫോഴ്സ് വിമാനത്തിലും ‘ദിർഇയ’എന്ന സഊദി കപ്പലിൽ 52 വിദേശികളെയുമാണ് ജിദ്ദയിലെത്തിച്ചത്.വിമാനത്തിലുണ്ടായിരുന്ന 36 പേർ പാകിസ്താനിൽനിന്നുള്ളവരാണ്. കപ്പലിലുണ്ടായിരുന്നവർ ഒമാൻ, പാകിസ്താൻ, അമേരിക്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
സുഡാനിൽനിന്ന് സൗദി അറേബ്യ ആളുകളെ രക്ഷപ്പെടുത്തൽ ആരംഭിച്ചതിന് ശേഷം ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 5,197 ആയി. ഇതിൽ 184 പേർ സൗദി പൗരന്മാരും 5,013 പേർ 100 രാജ്യങ്ങളിൽനിന്നുള്ള വിദേശികളുമാണ്.