ന്യൂ ഡൽഹി: മതചിഹ്നവും പേരുമുള്ള
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പരാതിക്കാരനായ ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യദ് വസീം റിസ്വി ഹർജി പിൻവലിച്ചു. റിസ്വിയുടെ ഹർജി തള്ളണമെന്ന് മുസ്ലിം ലീഗിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മുസ്ലിം ലീഗ്, ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എന്നീ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി. മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന ഈ രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച പേരും ചിഹ്നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
സമാന ഹർജി ഡൽഹി ഹൈക്കോടതിയിൽ ഉണ്ടെന്ന് എഐഎംഐഎമ്മിന്റെ അഭിഭാഷകൻ കെ.കെ.വേണുഗോപാൽ വാദിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ അനുവാദം തേടുകയായിരുന്നു. സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് മുസ്ലിം ലീഗിനു വേണ്ടി ഹാജരായത്.




