ദുബായ്: ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ദുബായിലെ ഒന്നാം ഉപ ഭരണാധികാരിയായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിച്ചു. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ദുബായുടെ രണ്ടാമത്തെ ഉപ ഭരണാധികാരിയായും നിയമിച്ചു.
പുതിയ ഉത്തരവ്, പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. ദുബായിയുടെ മികച്ച ഭരണവും തുടർ വികസനവും അനുവദിക്കുന്ന തരത്തിൽ ഷെയ്ഖ് മുഹമ്മദ് തങ്ങളെ ഏൽപ്പിച്ച അധികാരങ്ങൾ ഇരു ഉപ ഭരണാധികാരികളും വിനിയോഗിക്കും. ഷെയ്ഖ് മക്തൂം 2008 മുതൽ ദുബായുടെ ഉപ ഭരണാധികാരിയായി പ്രവർത്തിക്കുകയും യുഎഇ ധനകാര്യ മന്ത്രി കൂടിയായിരുന്ന പരേതനായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം ഈ ഔദ്യോഗികസ്ഥാനത്ത് സേവനമനുഷ്ഠിക്കുകയും ചെയ്തു. ഷെയ്ഖ് മുഹമ്മദിന്റെ പുത്രന്മാരാണ് ഷെയ്ഖ് മക്തൂമും ഷെയ്ഖ് അഹമ്മദും.