സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിക്കാൻ വിദേശ മന്ത്രാലയം നാലു ഹോട്ടലുകൾ നീക്കിവെച്ചു

0
958

ജിദ്ദ: സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിക്കാൻ വിദേശ മന്ത്രാലയം നാലു ഹോട്ടലുകൾ ജിദ്ദയിൽ നീക്കിവെച്ചു. വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും മക്ക പ്രവിശ്യ വിദേശ മന്ത്രാലയ ശാഖാ മേധാവി മാസിൻ അൽഹംലിയുടെ നിരീക്ഷണത്തിലുമാണ് സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്നവർക്ക് ഹോട്ടലുകളിലേക്ക് മാറ്റി ആവശ്യമായ മുഴുവൻ സഹായങ്ങളും നൽകുന്നത്.

നിലവിൽ ജിദ്ദയിലെ നാലു ഹോട്ടലുകളിലും കൂടി 800 ലേറെ പേർ കഴിയുന്നുണ്ട്. സുഡാനിൽ നിന്ന് ഒഴിപ്പിച്ച് ജിദ്ദയിലെ ഹോട്ടലുകളിലേക്ക് മാറ്റുന്നവരുടെ സ്വദേശങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ കോൺസുലേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
സുഡാനിൽ നിന്ന് കപ്പലുകൾ വഴി കിങ്‌ ഫൈസൽ നാവിക താവളത്തിലും വിമാനങ്ങൾ വഴി കിങ്‌ അബ്ദുല്ല വ്യോമ താവളത്തിലും എത്തുന്നവരെ ബസുകളിൽ ഹോട്ടലുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ജവാസാത്ത് ഡയറക്ടറേറ്റുമായി ഏകോപനം നടത്തി ഇവരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടികൾ എളുപ്പമാക്കുകയും തൽക്ഷണം വിസകൾ അനുവദിക്കുകയും ചെയ്യുന്നു.
ശേഷം സ്വദേശങ്ങളിലേക്കുള്ള യാത്രാ നടപടികൾ എളുപ്പമാക്കാൻ വിദേശ രാജ്യങ്ങളുടെ കോൺസുലേറ്റുകളുമായി ഏകോപനം നടത്തുകയാണ് ചെയ്യുന്നത്.