ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി യുവതിയുടെ ആത്മഹത്യ ശ്രമം

0
1870

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാലത്തിന് മുകളില്‍ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. ബുധനാഴ്ചയാണ് ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് യുവതി താഴേക്ക് ചാടിയത്. വിവരം ലഭിച്ചതനുസരിച്ച് ഫയര്‍ ആന്റ് മറൈന്‍ റെസ്‍ക്യൂ വിഭാഗത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി യുവതിക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

ശുവൈഖ് മറൈന്‍ സെന്റര്‍, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് രക്ഷാ ബോട്ടുകള്‍ അയച്ചതായി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിച്ചു. തെരച്ചിലില്‍ വളരെ വേഗം തന്നെ യുവതിയെ കണ്ടെത്തി മെഡിക്കല്‍ സംഘത്തിന് കൈമാറി.

ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.