വിദഗ്ധ ചികിത്സയ്ക്കു നാട്ടിലേക്കു പോകാനാകാതെ കുടുങ്ങിയ 17 കിടപ്പു രോഗികളിൽ ഒരാളെ നാട്ടിൽ എത്തിച്ചു

0
1252

അബുദാബി: വിദഗ്ധ ചികിത്സയ്ക്കു നാട്ടിലേക്കു പോകാനാകാതെ കുടുങ്ങിയ 17 കിടപ്പു രോഗികളിൽ ഒരാളെ ഇന്നലെ കൊച്ചിയിൽ എത്തിച്ചു.

അടുത്ത ആഴ്ച 2 രോഗികളെ കൂടി കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കി. വരും ദിവസങ്ങളിൽ ശേഷിച്ച വരെ കൂടി നാട്ടിൽ എത്തിക്കുമെന്നാണ് സൂചന. ശരീരം തളർന്ന് ചലനശേഷിയില്ലാതെ 3 മാസമായി ദുബായ് റാഷിദ് ആശുപത്രിയിൽ കിടന്നിരുന്ന തിരുവനന്തപുരം തട്ടാത്തുമല മുളക്കാലത്തുകാവ് സ്വദേശി അജീഷ് അശോകനെയാണ് ഇന്നലെ ഉച്ചയ്ക്ക് ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ എത്തിച്ചതെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. യുഎഇയിൽനിന്നു കൊച്ചി ഒഴികെ കേരളത്തിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കിയതോടെയാണ് ഈ ദുരവസ്ഥ വന്നത്.

ഇദ്ദേഹത്തിന്റെ അഭ്യർഥനയെ തുടർന്ന് നിർധനനായ അജീഷിന്റെ 3 മാസത്തെ ചികിത്സാ തുക ഒന്നര ലക്ഷം ദിർഹം ദുബായ് റാഷിദ് ആശുപത്രി ഒഴിവാക്കിയിരുന്നു. അശോകന്റെയും വസുന്ധര ദേവിയുടെയും മകനായ അജീഷ് ജബൽഅലി സെയ്ൻ പാർക്കോ ഹൈപ്പർ മാർക്കറ്റിൽ റീട്ടെയിൽ സെയിൽസ് അസിസ്റ്റന്റായിരുന്നു.

ഏതാനും മാസം ജോലിയിൽനിന്നു വിട്ടുനിൽക്കുന്നതിനിടെയാണ് അജീഷിന് അസുഖം ബാധിച്ചതെങ്കിലും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവുകളെല്ലാം കമ്പനിയാണ് വഹിച്ചത്. കൊച്ചിയിൽ എത്തിച്ച അജീഷിനെ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കിടപ്പുരോഗികൾ യുഎഇയിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി എയർ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു. ഉടൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് സിഇഒ ക്യാംപ്ബെൽ വിൽസൺ മറുപടി നൽകുകയും ചെയ്തു.