സുഡാനിൽ നിന്നും ജിദ്ദ വഴി മടങ്ങിയ മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി

0
1134

നെടുമ്പാശ്ശേരി: സുഡാനിൽ നിന്നും ജിദ്ദവഴി മടങ്ങിയ മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. ഇന്നലെ ജിദ്ദയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ഇവർ ദൽഹിയിൽ എത്തിയിരുന്നു. രണ്ട് വിമാനങ്ങളിലായി എട്ട് പേരാണ് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് ആറ് പേരടങ്ങുന്ന ആദ്യ സംഘം ദൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.

എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരൂൺ ആലപ്പാട്ട്, മക്കളായ മിഷേൽ, റോഷൽ, ഡാനിയേൽ, ഇടുക്കി കല്ലാർ സ്വദേശി ജയേഷ് വേണു എന്നിവരാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇവരെ കൂടാതെ കലാപത്തിനിടെ വെടിയേറ്റ് മരിച്ച മലയാളി കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും നാട്ടിൽ മടങ്ങിയെത്തി. ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് ആൽബർട്ടിന്റെ ഭാര്യ സൈബല്ല, മകൾ മരീറ്റ എന്നിവർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. മടങ്ങിയെത്തിയവരെ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിച്ചു.