കൊല്ലപ്പെട്ട അഗസ്റ്റിന്റെ കുടുംബം കൊച്ചിയിലേക്ക്; കുടുംബത്തിന് ആവശ്യമായ മുഴുവൻ സഹായവും നൽകുമെന്ന് വി മുരളീധരൻ

0
2414

ജിദ്ദ: സുഡാനിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട അഗസ്റ്റിന്റെ കുടുംബം ജിദ്ദയിൽ നിന്നും നാട്ടിലേക്ക് പോയി. ഭാര്യ സെബല്ലയും മകൾ മരീറ്റയും മാണ് എത്തിയത്.

സുഡാനിൽ കലാപം രൂക്ഷമായ ആദ്യനാളിൽ തന്നെ സെബല്ലയുടെ ഭർത്താവ് കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. വീടിനുള്ളിൽനിന്ന് പുറത്തേക്ക് നോക്കി ഫോൺ ചെയ്തുകൊണ്ടിരിക്കെയാണ് ആൽബർട്ടിന് വെടിയേറ്റത്. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയായ ആൽബർട്ട് അഗസ്റ്റി(48)ൻ വിമുക്തഭടൻ കൂടിയാിരുന്നു. ആൽബർട്ടിന് വെടിയേൽക്കുമ്പോള് സെബല്ലയും മകൾ മരീറ്റയും തൊട്ടടുത്തുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് സെബല്ലയും മരീറ്റയും അവധിക്കാലം ചെലവിടാനായി സുഡാനിലേക്ക് പോയത്. അവധിക്ക് ശേഷം മൂവരും നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ആൽബർട്ട് സുഡാനിൽ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.

ബുധനാഴ്ച രാത്രിയാണ് എയർഫോഴ്‌സിന്റെ വിമാനത്തിൽ സെബെല്ലയും മകളും ജിദ്ദയിലെത്തിയത്. ഇവരെ വിമാനതാവളത്തിൽ മന്ത്രി വി.മുരളീധരൻ സ്വീകരിച്ചു. ഇവരെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ അയച്ചു. കുടുംബത്തിന് ആവശ്യമായ മുഴുവൻ സഹായവും നൽകുമെന്നും വി. മുരളീധരൻ വ്യക്തമാക്കി. ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഖാർത്തൂമിലെ ആശുപത്രിയിലാണുള്ളത്.