അയല മീൻ കഴിച്ച 2 പേർക്കും വീട്ടിലെ നായയ്ക്കും ഭക്ഷ്യവിഷബാധ

0
3137

ചെങ്ങന്നൂർ: ചെങ്ങന്നൂർ
ചെറിയനാട്ട് അയല മീൻ കഴിച്ച  2 പേർക്കു ഭക്ഷ്യവിഷബാധയേറ്റു. വിമുക്തഭടൻ മുളക്കുഴ പെരിങ്ങാല ബഥേൽ ഭവനത്തിൽ പി.വി.യോഹന്നാൻ (72), ഭാര്യ മറിയാമ്മ ജോൺ (68) എന്നിവരാണു ചികിത്സയിൽ കഴിയുന്നത്. ചെറിയനാട് കൊല്ലകടവ് ആലക്കോട്ടെ സ്വകാര്യ ആശുപത്രിക്കു സമീപത്തെ മീൻകടയിൽ നിന്ന് വാങ്ങിയ അയല കഴിച്ചതിനെ തുടർന്നാണ് ഛർദിയും വയറിളക്കവും പിടിപെട്ടതെന്ന് ഇവർ പറയുന്നു.

കഴിഞ്ഞ 17നാണ് മീൻ വാങ്ങിയത്. 2 ദിവസം കഴിഞ്ഞ് പാചകം ചെയ്തു. കഴിച്ചതിനു പിന്നാലെ ഛർദി തുടങ്ങി. ഒരാഴ്ചയായി ചികിത്സയിലാണിവർ. മീൻ കഴിച്ച വീട്ടിലെ നായയ്ക്കും ഭക്ഷ്യവിഷബാധയേറ്റു. നായയ്ക്കു ഭക്ഷ്യവിഷബാധ ഏൽക്കാനിടയായത് ആശങ്ക ഉയർത്തുന്നതാണെന്നു  ഡോക്ടർമാർ പറയുന്നു. വൻതോതിൽ രാസവസ്തുക്കൾ മീനിൽ കലർന്നിട്ടുണ്ടെങ്കിലേ ഇത്തരം സാഹചര്യമുണ്ടാകൂ. സമഗ്രമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

മുളക്കുഴ സ്വദേശികളായ 2 പേർ കൂടി അയല കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധയേറ്റു ചികിത്സ തേടിയെന്നു മുളക്കുഴയിലെ ഡോക്ടർ പറഞ്ഞു. മുളക്കുഴ, ചെറിയനാട്, ആലാ പഞ്ചായത്തുകളിൽ മായം കലർന്ന മീൻ വിൽക്കുന്നതായി ആക്ഷേപമുണ്ട്. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്നു ഭക്ഷ്യസുരക്ഷാ ഓഫിസർ കെ.ശരണ്യ പറഞ്ഞു. അതേസമയം മുളക്കുഴയിലും ചെറിയനാട്ടും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നു പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാർ പറഞ്ഞു.