സുഡാനിൽ സ്ഥിതിഗതികൾ രൂക്ഷം; ഈജിപ്ത് അറ്റാഷേ കൊല്ലപ്പെട്ടു

0
7147

ഖർത്തൂം: സുഡാനീസ് തലസ്ഥാനമായ ഖാർത്തൂമിലെ ഈജിപ്ഷ്യൻ എംബസിയിലെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെ സുഡാൻ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ടു. ഈജിപ്ഷ്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ജോലികൾ പിന്തുടരുന്നതിനായി എംബസിയിലേക്ക് പോകും വഴിയാണ് ഖർത്തൂമിലെ ഈജിപ്ഷ്യൻ എംബസിയിലെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് അറ്റാഷേ മുഹമ്മദ് അൽ ഗരാവി കൊല്ലപ്പെട്ടത്.

സംഭവത്തിൽ സഊദി അറേബ്യ നടുക്കവും അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്തിനോട് അനുശോചനവും രേഖപ്പെടുത്തി. സൈനിക നടപടികൾ ഉടൻ നിർത്താനും പരമാവധി സംയമനം പാലിക്കാനും അകൽച്ച ഒഴിവാക്കാനുമുള്ള ആഹ്വാനം സഊദി അറേബ്യ ആവർത്തിച്ചു. സഊദി വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കി.

സുഡാനിലെ ജനങ്ങളുടെ നേട്ടങ്ങളും കഴിവുകളും സംരക്ഷിച്ചുകൊണ്ട് അവരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണം. സുഡാനും അവിടുത്തെ ജനങ്ങൾക്കും സുരക്ഷിതത്വവും സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനത്തിലെത്താൻ ലക്ഷ്യമിട്ടുള്ള ചട്ടക്കൂട് കരാറിലേക്ക് ഉടൻ മടങ്ങണമെന്നും സഊദി അറേബ്യ ആവശ്യപെട്ടു.

സുഡാനിൽ നിന്ന് സഊദി അറേബ്യ ഇതിനകം നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 101 സഊദി പൗരന്മാരും 26 രാജ്യങ്ങളിൽ നിന്നുള്ള 255 പേരും ഉൾപ്പെടെ 356 പേരെ രാജ്യം ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഭരണാധികാരികളുടെ നിർദ്ദേശപ്രകാരമാണ് ഒഴിപ്പിക്കലുകളെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പൗരന്മാരോടുള്ള കടമയുടെ അടിസ്ഥാനത്തിലാണ് റോയൽ സഊദി നാവികസേനയുടെയും സായുധ സേനയുടെ വിവിധ ശാഖകളുടെയും പിന്തുണയോടെ ഒഴിപ്പിക്കൽ നടപടി കൈകൊണ്ടതെന്നും ബിൻ ഫർഹാൻ സൂചിപ്പിച്ചു.

വഴികൾ സുരക്ഷിതമാക്കാൻ സുഡാനിലെ സഹോദരങ്ങളുമായി ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹോദര്യവും സൗഹൃദവുമുള്ള രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സഹായം അഭ്യർത്ഥിച്ച രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിക്കാനും അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും പ്രവർത്തിച്ചുകൊണ്ട് സഊദി അറേബ്യ അവിടെ ഓഫീസ് നടപടികൾ തുടരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.