മാനവരാശിയുടെ മോക്ഷം ദൈവീക മാർഗ ദർശനത്തിലൂടെ: പി. എം സിയാദ്

റിയാദ്: മാനവരാശിയുടെ ആത്യന്തികമായ മോക്ഷം കൈവരിക്കുന്നതിന് വേദ ഗ്രന്ഥങ്ങളുടെ അടിസ്ഥാന സന്ദേശത്തെ ഉൾകൊള്ളാൻ നാം തയ്യാറാവണമെന്ന് പി. എം സിയാദ് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ‘നിച്ച് ഓഫ് ട്രൂത്ത്’ സബ് കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ ‘വേദ ഗ്രന്ഥങ്ങളുടെ സന്ദേശം’ എന്ന ശീർഷകത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ നിർമ്മിത പ്രത്യയ ശാസ്ത്രങ്ങൾക്കോ ദർശനങ്ങൾക്കോ മാനവരാശിയുടെ ധാർമ്മിക മൂല്യങ്ങൾ നിർണ്ണയിക്കുന്നതിലോ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലോ വിജയിക്കാൻ സാധിച്ചിട്ടില്ല. മനുഷ്യൻ എങ്ങനെ ജീവിക്കണമെന്നും അവന്റെ ജീവിതത്തിൽ ഏന്തൊക്കെ വിധി വിലക്കുകൾ പാലിക്കണമെന്നും നിർണ്ണയിക്കാൻ അവനെ സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമേnസാധിക്കുകയുള്ളൂ. ആ സ്രഷ്ടാവിന്റെ നിർദ്ദേശങ്ങളെ പാലിക്കുകയാണ് ധാർമ്മികമായ സംസ്കരണത്തിന് മനുഷ്യൻ ചെയ്യേണ്ടത്. ധർമ്മ സംസ്ഥാപനത്തിനായി നിയോഗിക്കപ്പെട്ട ആചാര്യൻമാരേയും പ്രവാചകൻമാരേയും കൃത്യമായി പഠിക്കാനും അവരുടെ അദ്ധ്യാപനങ്ങൾക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താനും മാനവരാശി തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഫ്താർ സൗഹൃദ സംഗമത്തിൽ നിച്ച് ഓഫ് ട്രൂത്ത് കൺവീനർ ശാഫി മജീദ് ആലപ്പുഴ സ്വാഗതവും ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ നന്ദിയും പറഞ്ഞു.