ജിദ്ദ: പെരുന്നാൾ ആഘോഷദിനങ്ങളിൽ സുരക്ഷിത യാത്രയ്ക്ക് സഊദി റോഡ്സ് ജനറൽ അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി.
അവധി തുടങ്ങുന്നതോടെ നിരവധി സ്വദേശികളും വിദേശികളുമുൾപ്പെടെയുളളവർ സഊദി അറേബ്യയിലുടനീളം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ആരംഭിക്കും. ദൂര യാത്രയ്ക്ക് മുൻപ് മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
യാത്രയ്‌ക്ക് മുമ്പും യാത്രയ്ക്കിടയിലും യാത്രക്കാർ പിന്തുടരേണ്ട കാര്യങ്ങൾ പങ്കുവച്ച് വിഷയത്തിൽ അവബോധം വളർത്തുന്നതിനായി സൗദി അറേബ്യയിലെ റോഡ്‌സ് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ ക്യാംപയ്ൻ തുടങ്ങി.
അവധി ദിവസങ്ങളിൽ വാഹനാപകടങ്ങൾ 15 ശതമാനം വർധിക്കുന്നതായി ട്വിറ്ററിൽ പങ്കുവച്ച പ്രചാരണ പോസ്റ്ററിൽ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതിനാൽ, കാറിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ സീറ്റ് ബെൽറ്റ് ശരിയായി ഉപയോഗിക്കാനും വേഗപരിധി പാലിക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക്കയും ചെയ്യണം. ഡ്രൈവർമാർ തങ്ങളുടെ യാത്രയ്‌ക്ക് മുമ്പ് മതിയായ ഉറക്കവും വിശ്രമവും ഉറപ്പാക്കുകയും മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് വാഹനം തയാറാണെന്ന് ഉറപ്പാക്കുകയും വേണം.
ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളിൽ അടിയന്തര ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. സ്റ്റെപ്പിനി ടയറും ടയർ മാറ്റാനുള്ള കിറ്റും പ്രഥമശുശ്രൂഷ കിറ്റ്, അഗ്നിശമന ഉപകരണം, മുന്നറിയിപ്പ് ത്രികോണം എന്നിവയും കരുതണം.
യാത്രയ്ക്ക് മുൻപ് വാഹനത്തിന്റെ ബ്രേക്ക് ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഡ്രൈവർമാർ പരിശോധിക്കണമെന്നും റോഡ്സ് ജനറൽ അതോറിറ്റി അഭിപ്രായപ്പെട്ടു. വാഹനത്തിന്റെ ടയറുകൾ പരിശോധിക്കുകയും അതിന്റെ കാലഹരണ തീയതി കഴിഞ്ഞിട്ടില്ലെന്നും ഉറപ്പുവരുത്തുന്നത് യാത്രയ്ക്കിടെ അപകടങ്ങൾ തടയാൻ സഹായിക്കും. ചില ടയറുകളുടെ കാലഹരണ തീയതി; ചെറിയ വാഹനങ്ങൾക്ക് രണ്ട് വർഷമാണ്. ട്രക്കുകൾക്കോ വലിയ വാഹനങ്ങൾക്കോ ഇത് അഞ്ച് വർഷവും.
വാഹനമോടിക്കുമ്പോൾ ടയർ പൊട്ടുകയാണെങ്കിൽ വാഹനത്തിന്റെ നിയന്ത്രണം നിലനിർത്താനാണ് അതോറിറ്റി ആദ്യം നിർദേശിക്കുന്നത്. ഡ്രൈവർമാരോട് പെഡലിൽ നിന്ന് ക്രമേണ കാലുകൾ ഉയർത്താനും വാഹനം ക്രമേണ നിർത്താനും ആവശ്യപ്പെടുന്നു. ഡ്രൈവർമാർക്ക് ഇത്തരമൊരു സാഹചര്യമുണ്ടായാൽ കാർ നിയന്ത്രണവിധേയമായാൽ സുരക്ഷിതമായ സ്ഥലത്ത് പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. മഴക്കാലത്തും കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോഴും വാഹനങ്ങൾ ഓടിക്കുന്നതിനെതിരെയും അതോറിറ്റി മുന്നറിയിപ്പ് നൽകി.