23 വര്‍ഷം യുഎഇയില്‍ ഒരേ സ്‍പോണ്‍സറിന് കീഴില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് അപ്രതീക്ഷിത സമ്മാനമായി രണ്ട് കോടി ദിര്‍ഹം
ദുബായ്: മഹ്‌സൂസിന്റെ 124-ാം നറുക്കെടുപ്പിൽ നേപ്പാളി യുവാവിന് 45 കോടിയോളം രൂപ (2 കോടി ദിർഹം) സമ്മാനമായി ലഭിച്ചു. കുവൈത്തിൽ വ്യാപാരം നടത്തുന്ന പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കറിന് റമസാൻ ഗോൾഡൻ നറുക്കെടുപ്പിന്റെ ഭാഗമായി 400 ഗ്രാം സ്വർണവും ദുബൈയിൽ റേഡിയോഗ്രഫറായി ജോലി ചെയ്യുന്ന ഫിലിപ്പിനി യുവാവ് ഷെർലോണിന് 2 കോടിയിലേറെ രൂപയും (10 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു.
ദുബൈയിൽ ഡ്രൈവറായ നേപ്പാളിലെ പൽപ സ്വദേശിയായ പദം ബഹാദൂറിന്റെ ജീവിതമാണ് 45 കോടിയോളം രൂപ നേടി ഒറ്റ രാത്രി കൊണ്ട് മാറിമറിഞ്ഞത്. കഴിഞ്ഞ 23 വർഷത്തോളമായി ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം പുതിയ ഘടനയിൽ ആരംഭിച്ച 2023-ലെ നറുക്കെടുപ്പിന്റെ ആദ്യത്തെ ജേതാവാണ്. പ്രതിമാസം 5,700 ദിർഹം ശമ്പളം വാങ്ങുന്ന പദം തുക മക്കളുടെ വിദ്യാഭ്യാസത്തിനും അവരുടെ ഭാവി ശോഭനമാക്കുന്നതിനുമാണ് ഉപയോഗിക്കുക. വളരെക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആളുകളെ സഹായിക്കുന്നതിലും സജീവമായ ഇദ്ദേഹം ഇത്തരം സേവനങ്ങൾ ഇനിയും ചെയ്യാൻ ഉദ്ദേശിക്കുന്നു.
മഹ് സൂസ് നറുക്കെടുപ്പ് ആരംഭിച്ചതു മുതൽ പദം ബഹാദൂർ അതിൽ പങ്കെടുക്കാൻ തുടങ്ങി. അന്ന് അത് മറ്റൊരു പേരിലാണ് അറിയപ്പെട്ടിരുന്നത്. മഹ്‌സൂസ് നറുക്കെടുപ്പിൽ ഞാൻ ഒരിക്കൽ 35 ദിർഹവും 350 ദിർഹവും നേടിയിരുന്നു. പക്ഷേ ഇപ്പോൾ നേടിയ തുക ഒരിക്കലും സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ലെന്ന് പദം പറഞ്ഞു. എന്റെ ഭാര്യയോടും മകളോടും ഒരെണ്ണം വീതം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാണ് ഭാഗ്യ നമ്പരുകൾ തിരഞ്ഞെടുത്തത്. വളരെക്കാലമായി ഇതാണ് നമ്പർ തിരഞ്ഞെടുക്കുന്ന രീതി. സാധാരണ എല്ലാ ശനിയാഴ്ചയും മഹ്സൂസ് നറുക്കെടുപ്പ് തത്സമയം യൂട്യൂബിൽ കാണാറുണ്ടായിരുന്നു. ഇപ്രാവശ്യം ജോലി കഴിഞ്ഞ് വന്ന് നല്ല ക്ഷീണമുള്ളതിനാൽ വിശ്രമത്തിലായിരുന്നു. പിന്നീട്, മഹ്സൂസ് അധികൃതർ ഫോൺ വിളിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ല. തുടർന്ന് ഓൺലൈനിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അതേ നമ്പരിലേക്ക് തിരിച്ചുവിളിച്ചു പറഞ്ഞു: ‘അതേ, ആ ഭാഗ്യവാൻ ഞാൻ തന്നെ’.
വർഷങ്ങളായി കുവൈത്തിൽ വ്യാപാരിയായ അബൂബക്കർ മഹ്സൂസിന്റെ തുടക്കം മുതൽ താൻ ഭാഗ്യ പരീക്ഷണം നടത്തുന്നതായി പറഞ്ഞു. മിക്കപ്പോഴും ഒാൺലൈനിലൂടെ രണ്ടിൽ കൂടുതൽ ടിക്കറ്റുകൾ വാങ്ങാറുണ്ട്. ഇപ്രാവശ്യം 10 ടിക്കറ്റുകളെടുത്തപ്പോൾ ഭാഗ്യം തേടിയെത്തി. സമ്മാനത്തുക കൊണ്ട് ബിസിനസ് കൂടുതൽ മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. ദുബായിലെത്തിയ അദ്ദേഹം മഹ്സൂസ് അധികൃതരിൽ നിന്ന് സ്വർണനാണയങ്ങൾ ഏറ്റുവാങ്ങി. ഇതേ നറുക്കെടുപ്പിലൂടെ ആറാമത്തെ വിജയിയായ ഫിലിപ്പീനി യുവാവ് ഷെർലോണിനാണ് രണ്ടു കോടിയിലേറെ രൂപ (10,00,000 ദിർഹം) ലഭിച്ചത്.
ഇതോടെ, വെറും രണ്ട് വർഷത്തെ പ്രവർത്തനത്തിനുള്ളിൽ മഹ്‌സൂസ് കോടീശ്വരന്മാരുടെ എണ്ണം 39 ആയി. ഇന്നുവരെ, 236,000-ലധികം വിജയികൾക്ക് 40,70,00000 ദിർഹം സമ്മാനത്തുകയായി നൽകിയിട്ടുണ്ടെന്ന് മഹ്സൂസ് മാനേജിങ് ഒാപറേറ്ററായ ഇ–വിങ്സിന്റെ സിഇഒ ഫരിദ് സംജി പറഞ്ഞു.




