അറബ് ലോകത്ത് വ്യാഴാഴ്ച പെരുന്നാൾ പിറവി കാണാൻ സാധ്യമല്ലെന്ന് അന്താരാഷ്ട്ര ഗോളശാസ്ത്ര കേന്ദ്രം

0
34635

ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ മാസപ്പിറവി പ്രഖ്യാപിക്കാനുള്ള ഏജൻസിയല്ല, മറിച്ച് ജ്യോതിശാസ്ത്ര വിവരങ്ങൾ നൽകുന്ന ഒരു ശാസ്ത്ര കേന്ദ്രമാണെന്ന് സെന്റർ ഓർമ്മിപ്പിച്ചു

റിയാദ്: അറബ് ലോകത്ത് വ്യാഴാഴ്ച പെരുന്നാൾ പിറവി കാണാൻ സാധ്യമല്ലെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം. ഇത് പ്രകാരം റമദാൻ മുപ്പത് പൂർത്തീകരിച്ചു ശനിയാഴ്ചയായിരിക്കും അറബ് ലോകം ചെറിയ പെരുന്നാൾ ആഘോഷിക്കുക എന്നും കേന്ദ്രം വ്യക്തമാക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പടിഞ്ഞാറൻ ഭാഗങ്ങൾ ഒഴികെയുള്ള മിക്ക അറബ് രാജ്യങ്ങളിലും ദൂരദർശിനി ഉപയോഗിച്ച് പോലും അടുത്ത (വ്യാഴാഴ്‌ച) ചന്ദ്രക്കല ദർശനം സാധ്യമല്ലെന്നും അറബ്, ഇസ്‌ലാമിക ലോകങ്ങളിൽ എവിടെനിന്നും നഗ്നനേത്രങ്ങൾ കൊണ്ട് ദർശനം സാധ്യമല്ലെന്നും ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ ഡയറക്ടറും ക്രസന്റ് നിരീക്ഷിക്കുന്നതിനുള്ള ഇസ്‌ലാമിക പ്രോജക്ടിന്റെ തലവനുമായ എഞ്ചിനീയർ മുഹമ്മദ് ഷൗക്കത്ത് ഒഡെ സ്ഥിരീകരിച്ചു.

അതിനാൽ ശനിയാഴ്ച (22) ആയിരിക്കും ഈദുൽ ഫിത്വർ. ലിബിയയിൽ നിന്ന് ആരംഭിക്കുന്ന പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങൾ ഒഴികെ ഇതെ അവസ്ഥ തന്നെ ആയിരിക്കുമെന്ന് ആഗോള ഗോള ശാസ്ത്ര കേന്ദ്രം അറിയിക്കുന്നു.

കാഴ്ച വളരെ ദുഷ്‌കരമാണെന്നും കൃത്യമായ ദൂരദർശിനിയും ഒരു പ്രൊഫഷണൽ നിരീക്ഷകനും അസാധാരണമായ കാലാവസ്ഥയും ഈ ഘട്ടങ്ങളിൽ ആവശ്യമാണ്‌. ഈ ഘടകങ്ങളുടെ സംയോജനം വളരെ അപൂർവമായി മാത്രമേ സംഭവിക്കുന്നുള്ളൂ, അതിനാൽ അറബ് രാജ്യങ്ങളിൽ എവിടെനിന്നും ദൂരദർശിനി ഉപയോഗിച്ച് പോലും ചന്ദ്രക്കല കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ല.

വ്യാഴാഴ്ച ഇസ്‌ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൂരദർശിനി ഉപയോഗിച്ച് ചന്ദ്രക്കല കാണാനുള്ള സാധ്യത തള്ളിക്കളയുന്ന കേന്ദ്രം, ഇസ്‌ലാമിക ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും സൂര്യാസ്തമയത്തിന് മുമ്പുള്ള സംയോജനവും ചന്ദ്രന്റെ അസ്തമയ കണക്കുകളും പ്രകാരം ദർശനം സാധ്യമാകില്ലെന്ന് വ്യക്തമാക്കുന്നു.

നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി ഉപയോഗിച്ചോ ശരിയായ പിറവി കാഴ്ച ആവശ്യമുള്ള രാജ്യങ്ങൾക്ക് റമദാൻ 30 ദിവസമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനാൽ ഈദുൽ ഫിത്വർ ശനിയാഴ്ച ആയിരിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തതായും പ്രമുഖ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഈദുൽ ഫിത്വർ ശനിയാഴ്ചയായിരിക്കുമെന്ന തരത്തിൽ തങ്ങളെ ഉദ്ധരിച്ച് സോഷ്യൽ മീഡിയകൾ ഭാഗികമായി വാർത്ത പ്രചരിപ്പിക്കുന്നതായി ഇന്റർനാഷണൽ ആസ്റ്റ്രോണമി സെന്റർ പ്രസ്താവിച്ചു. ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ മാസപ്പിറവി പ്രഖ്യാപിക്കാനുള്ള ഏജൻസിയല്ല, മറിച്ച് ജ്യോതിശാസ്ത്ര വിവരങ്ങൾ നൽകുന്ന ഒരു ശാസ്ത്ര കേന്ദ്രമാണെന്ന് സെന്റർ ഓർമ്മിപ്പിച്ചു.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ചന്ദ്രക്കല കാണുന്നതിനുള്ള വ്യവസ്ഥകൾ കാണിക്കുന്ന നേരത്തെ പ്രസിദ്ധീകരിച്ച ലേഖനത്തെക്കുറിച്ചും സെന്റർ സൂചിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക