പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ കിസ്‌വ ഫാക്ടറി സന്ദർശിച്ചു

മക്ക: വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കഅബയെ പുതക്കുന്ന മക്കയിലെ പ്രശസ്തമായ കിസ്‌വ നിർമാണ ഫാക്ടറി സന്ദർശിച്ചു. കെ.എം.സി.സി പ്രവർത്തകർക്കുമൊപ്പം ഫാക്ടറിയിലെത്തിയ അബ്ബാസലി തങ്ങളെ കിസ്‍വ ഫാക്ടറി മേധാവി അഹമ്മദ് ബിൻ മുസാഹിദ് അൽ സുവൈരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു.

തങ്ങളുടെ പുത്രൻ സയ്യിദ് സിദ്ധീഖലി ശിഹാബ് തങ്ങളും ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര തുടങ്ങിയവരും അനുഗമിച്ചു.

ഫാക്ടറിയുടെ കിസ്‌വ നിർമാണ പ്രവർത്തനങ്ങളും ചരിത്രവും അവർ വിശദീകരിച്ചു കൊടുത്തു. അബ്ബാസലി തങ്ങൾക്ക് കിസ്‌വ തുന്നുന്നതിനുള്ള സൗകര്യവും അവർ ഒരുക്കി. തങ്ങൾ തുന്നിയ ഭാഗം അടുത്ത തവണ കഅബയെ പുതപ്പിക്കുന്ന കിസ്‌വയിൽ ഉൾപ്പെടുത്തുമെന്ന് ഫാക്ടറി മേധാവി പറഞ്ഞു. ഇസ്‌ലാമിലെ ഏറ്റവും പുണ്യ ഗേഹമായ കഅബയെ പൊതിഞ്ഞ കറുത്ത പട്ടും സ്വർണ്ണ തുണിയുമാണ് കിസ്‌വ. എല്ലാ വർഷവും ഹജ്ജ് തീർത്ഥാടന വേളയിൽ ഇത് മാറ്റാറുണ്ട്. സഊദി സർക്കാരിന്റെ കീഴിലുള്ള മക്കയിലെ കിസ്‌വ ഫാക്ടറിയിലാണ് കിസ്‌വ നിർമ്മിക്കുന്നത്.
മക്കയിലെ കിസ്‌വ ഫാക്ടറിക്ക് സമ്പന്നമായ ചരിത്രമുണ്ട്. ആദ്യകാല ഇസ്‌ലാമിക കാലഘട്ടത്തിൽ ഖലീഫ ഉമർ ഇബ്നു ഖത്താബിന്റെ ഭരണകാലത്താണ് ഇത് സ്ഥാപിതമായത്. നൂറ്റാണ്ടുകളായി കഅബയെ മൂടുന്ന തുണിയായ കിസ്‌വയുടെ നിർമ്മാണത്തിന് സഊദി സർക്കാർ വൻതുകയാണ് വകയിരുത്തുന്നത്.
മക്കയിലെത്തുന്ന വിവിധ രാഷ്ട്ര നേതാക്കളും പണ്ഡിത ശ്രേഷ്ഠരും കിസ്‌വ ഫാക്ടറി സന്ദർശിക്കാറുണ്ട്. മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിന്റെ പ്രതീകമായാണ് കഅബയും അതിനെ ആവരണം ചെയ്യുന്ന കിസ്‌വയും കണക്കാക്കപ്പെടുന്നത്. കെഎംസിസി നേതാക്കളായ എ. കെ ബാവ, ജാഫർ കുറ്റൂർ, ഹബീബ് കല്ലൻ, നൗഷാദ് ചേറൂർ, അൻവർ സാദത്ത് എന്നിവരും അബ്ബാസലി തങ്ങളെ അനുഗമിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക