17-ാം വയസില്‍ കൊലക്കേസ് പ്രതി,1400 കോടിയുടെ സ്വത്ത്; വെല്ലുവിളികളില്ലാതെയായിരുന്നു അതിഖിന്റെ വളര്‍ച്ച

0
4226

തന്റെ പ്രധാന എതിരാളിയായിരുന്ന ഷൗക്കത്ത് ഇലാഹി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ വെല്ലുവിളികളില്ലാതെയായിരുന്നു അതിഖിന്റെ വളര്‍ച്ച. കുടുംബത്തെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാനായി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞ അയാള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഉത്തര്‍പ്രദേശിലെ ശക്തനായി മാറി. ഒപ്പം സമ്പത്തും കുമിഞ്ഞുകൂടി. 

”കൊല്ലപ്പെടും, ഞാന്‍ കൊല്ലപ്പെടും”, ആഴ്ചകള്‍ക്ക് മുന്‍പ് ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് ഉത്തപ്രദേശ് പോലീസ് പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് അതിഖ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയായിരുന്നു. യു.പി. പോലീസ് തന്നെ കൊലപ്പെടുത്തുമെന്നും അവരുടെ പദ്ധതി തനിക്കറിയാമെന്നുമായിരുന്നു അന്ന് സബര്‍മതി ജയിലിന് പുറത്ത് അതിഖിന്റെ പ്രതികരണം. ആഴ്ചകള്‍ക്കിപ്പുറം അതിഖ് കൊല്ലപ്പെട്ടിരിക്കുന്നു. ഒപ്പം സഹോദരന്‍ അഷ്‌റഫ് അഹമ്മദും.

അതിഖ് പറഞ്ഞതുപോലെ പോലീസ് ഏറ്റുമുട്ടലിലായിരുന്നില്ല അദ്ദേഹത്തിന്റെ കൊലപാതകം. മറിച്ച് പോലീസ് കസ്റ്റഡിയിലിരിക്കെ, മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍വെച്ചാണ് അക്രമികള്‍ അതിഖിനെതിരേ വെടിയുതിര്‍ത്തത്. പിന്നാലെ സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് വീണു. 22 സെക്കന്‍ഡുകള്‍ക്കിടെ അക്രമികള്‍ പോയിന്റ് ബ്ലാങ്കില്‍ 14 റൗണ്ട് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്.

വീട്ടിലെ ദാരിദ്ര്യത്തില്‍നിന്ന് രക്ഷതേടാന്‍ ചെറിയ മോഷണങ്ങളുമായി തുടക്കം. 17-ാം വയസ്സില്‍ കൊലക്കേസില്‍ പ്രതി. കൗമാരം പിന്നിട്ടതിന് പിന്നാലെ ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം. പിന്നീടങ്ങോട്ട് എതിരാളികളില്ലാത്ത ഗുണ്ടാത്തലവനായി വളര്‍ച്ച. ഒപ്പം എം.എല്‍.എ.യായും എം.പി.യായും രാഷ്ട്രീയത്തിലും സജീവം. ചുരുക്കത്തില്‍ ഇതെല്ലാമായിരുന്നു അതിഖ് അഹമ്മദിന്റെ ജീവിതം.

1962-ല്‍ അലഹാബാദി(ഇപ്പോള്‍ പ്രയാഗ് രാജ്)ലാണ് അതിഖ് അഹമ്മദിന്റെ ജനനം. നഗരത്തിലെ കുതിരവണ്ടിക്കാരനായിരുന്നു പിതാവ്. വീട്ടില്‍ ദാരിദ്ര്യം മാത്രം. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ഹൈസ്‌കൂള്‍ കഴിഞ്ഞതോടെ അതിഖും പഠനം നിര്‍ത്തി. പക്ഷേ, പട്ടിണി മാറ്റാന്‍ ആ കൗമാരക്കാരന്‍ തിരഞ്ഞെടുത്തത് കുറ്റകൃത്യങ്ങളുടെ വഴികളായിരുന്നുവെന്ന് മാത്രം.

പണമുണ്ടാക്കാന്‍ അതിഖ് ആദ്യം തിരഞ്ഞെടുത്ത വഴി മോഷണമായിരുന്നു. ട്രെയിനുകളില്‍നിന്ന് കല്‍ക്കരി മോഷ്ടിച്ചായിരുന്നു തുടക്കം. പിന്നീടിത് റെയില്‍വേയിലെ ആക്രി സാധനങ്ങള്‍ കൈക്കലാക്കുന്നതിലേക്കും റെയില്‍വേയുടെ സ്‌ക്രാപ് ടെന്‍ഡറുകള്‍ സ്വന്തമാക്കാന്‍ കരാറുകാരെ ഭീഷണിപ്പെടുത്തുന്നതിലേക്ക് വരെയും കാര്യങ്ങളെത്തി.

17-ാം വയസ്സില്‍ അലഹാബാദില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതിയായതോടെയാണ് അതിഖ് എന്ന ‘ഗ്യാങ്‌സറ്ററുടെ’ ജനനം ആരംഭിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, പണം തട്ടല്‍, കൊലപാതകങ്ങള്‍ എന്നിവയടക്കം നിരവധി കേസുകളിലേക്കുള്ള തുടക്കമായിരുന്നു അത്. ഏകദേശം നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ അതീഖ് അഹമ്മദ് പ്രതിയായിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തനിക്കെതിരേ ക്രിമിനല്‍ കേസുകളൊന്നും ഇല്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. പല കേസുകളിലും അതിനോടകം ജാമ്യം നേടുകയോ കുറ്റവിമുക്തനാവുകയോ ചെയ്തിരുന്നു.