സുഡാനില്‍ സൈനിക അട്ടിമറി ശ്രമം, പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചു, സഊദി എയർലൈൻസ് വിമാനത്തിന് കേടുപാട്, സർവ്വീസുകൾ നിർത്തിവെച്ചു

0
4419

ഖാര്‍തൂം: സുഡാനില്‍ സൈനിക അട്ടിമറിശ്രമം. അര്‍ധ സൈനിക വിഭാഗം പ്രസിഡന്റിന്റെ കൊട്ടാരവും സൈനിക മേധാവിയുടെ വസതിയും ഖാര്‍തൂം രാജ്യാന്തര വിമാനത്താവളവും പിടിച്ചെടുത്തു. വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സഊദിയ വിമാനത്തിന് കേടുപാടുകള്‍ പറ്റിയതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തില്‍ പല സ്ഥലങ്ങളിലും ആക്രമണം നടക്കുന്നു.

സഊദി അറേബ്യൻ എയർലൈൻസ് എമർജൻസി ടീം ഉടൻ തന്നെ സംഭവത്തിൽ ഇടപെട്ടതായും, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുഡാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചതായും സഊദി എയർലൈൻസ് പത്ര പ്രസ്താവനയിലൂടെ അറിയിച്ചു. സുഡാനിലെ സഊദി എംബസിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേ സമയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാർട്ടൂം വിമാനത്താവളത്തിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഫ്ലൈനാസും പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, ദമാം വിമാനത്താവളങ്ങളിൽ നിന്ന് ഖാർത്തൂം വിമാനത്താവളത്തിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണമെന്ന് എയർപോർട്ട് അഡ്മിനിസ്ട്രേഷൻ ഓഫീസുകളിൽ നിന്ന് അറിയിച്ചു.

ആക്രമണങ്ങളില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ആണ് കലാപവുമായി രംഗത്തെത്തിയത്. സൈന്യമാണ് തങ്ങളെ ആദ്യം ആക്രമിച്ചതെന്ന് ആര്‍.എസ്.എഫ് പറഞ്ഞു. വടക്കന്‍ സുഡാന്‍ നഗരങ്ങളായ മോറോവെ, അല്‍ ഉബൈദ് എന്നിവടങ്ങളിലെ വിമാനത്താവളങ്ങളും പിടിച്ചെടുത്തു.

ആര്‍.എസ്.എഫിനെ ശക്തമായി നേരിടുകയാണെന്ന് ആര്‍മി കേന്ദ്രങ്ങള്‍ പറഞ്ഞു. ഖാര്‍തൂം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ക്ക് ഇവര്‍ തീക്കൊളുത്തിയതായാണ് റിപ്പോര്‍ട്ട്. സഊദിയ വിമാനവും ഉക്രൈന്‍ വിമാനവും കത്തിയിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല. നിലവിൽ ഖാർത്തൂം വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിറുത്തി വെച്ചിരിക്കുകയാണ്. സുഡാനിലെ സംഘർഷം നേരിടാൻ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘റിപ്പോര്‍ട്ടുചെയ്ത വെടിവയ്പ്പുകളും ഏറ്റുമുട്ടലുകളും കണക്കിലെടുത്ത് എല്ലാ ഇന്ത്യക്കാരോടും പരമാവധി മുന്‍കരുതലുകള്‍ എടുക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി ട്വീറ്റില്‍ പറഞ്ഞു. നിര്‍ദ്ദേശിച്ചു. ദയവായി ശാന്തരായിരിക്കുക. അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുക, ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി ട്വീറ്റില്‍ പറഞ്ഞു.