അബുദാബി: പ്രവാസികളുടെ വിഷു കേമമാക്കാൻ കേരളത്തിൽനിന്നുള്ള പഴങ്ങളും പച്ചക്കറികളും ഗൾഫിൽ എത്തി. ലുലു ഗ്രൂപ്പ് മാത്രം 1250 ടൺ പച്ചക്കറികളും പഴങ്ങളുമാണ് വിമാനത്തിൽ എത്തിക്കുന്നത്.
മറ്റു ഇറക്കുമതിക്കാരും കൂടി ചേരുമ്പോൾ ഇത് ഇരട്ടിയിലേറെ വരും. കേരളത്തിൽനിന്ന് ലഭ്യമല്ലാത്ത പച്ചക്കറികൾ മാത്രമേ ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്യൂവെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം അറിയിച്ചു.
കണി വെള്ളരി, മത്തൻ, ഇളവൻ, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, പയർ, മുരിങ്ങ, തൂശനില തുടങ്ങിയ സദ്യയ്ക്കും കൊന്നപ്പൂവടക്കം വിഷുക്കണിക്കും ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ഒരിടത്ത് പ്രത്യേകം അലങ്കരിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. ജോലിത്തിരക്കുമൂലം സദ്യയ്ക്ക് അരിയാനും തയാറാക്കാനും സമയം കിട്ടാത്തവർക്കായി കുടുംബത്തിലെ ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ഓരോ കറിക്കും ആവശ്യമായ അളവിൽ അരിഞ്ഞ പച്ചക്കറിക്കൂട്ടുകളും ലഭിക്കും.
വിഷു സദ്യയും സാമ്പാർ, പാലട, ശർക്കര, പ്രഥമൻ, പാൽ, നെയ്, പഴം തുടങ്ങി ഓരോ വിഭവങ്ങളും തൂക്കി വാങ്ങാം. കസവ് മുണ്ട്, സാരി, പട്ടുപാവാട തുടങ്ങി വിഷുക്കോടികളും ആകർഷക നിരക്കിൽ ലഭ്യമാണ്. ലുലുഹൈപ്പർമാർക്കറ്റിൽ നേരിട്ട് എത്തിയോ ഓൺലൈനിലൂടെയോ വാങ്ങാം.
വാരാന്ത്യ അവധിയിൽ എത്തുന്ന വിഷു ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. റമസാനിൽ എത്തിയ വിഷുവിന്റെ സദ്യ നോമ്പുതുറയോടനുബന്ധിച്ചാക്കി സാഹോദര്യത്തിന്റെ ഇരട്ടിമധുരമാക്കുന്നവരും കുറവല്ല. വ്യക്തികളും സംഘടനകളും ഇങ്ങനെ ഇഫ്താറിന് വിഷു സദ്യ ഓർഡർ ചെയ്തിട്ടുണ്ട്.




