റിയാദ്: ഹുആവെ ആസ്ഥാനം സഊദിയിലേക്ക് മാറ്റുന്നു. ഗൾഫിലെ കമ്പനിയുടെ പ്രാദേശിക ആസ്ഥാനമാണ് സൗദിയിലേക്ക് മാറ്റുന്നത്. 2024 മുതൽ സഊദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് സൗദിയിൽ സർക്കാർ കരാർ ലഭിക്കില്ല.
ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനങ്ങൾ സഊദിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതി നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. സൗദിയിൽ മേഖലാ ആസ്ഥാനങ്ങളില്ലാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് അടുത്ത വർഷം മുതൽ കരാറുകൾ അനുവദിക്കുന്നത് വിലക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകിയിയിരുന്നു.
ഇതിനിടയിലാണ് സഊദി അറേബ്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ഹുആവെ ശ്രമമാരംഭിച്ചത്. സഊദി അധികൃതരുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണെന്നാണ് സൂചന. ചൈനീസ് ടെക് കമ്പനിയായ ഹുആവെക്ക് നിലവിൽ ബഹറൈനിലും ദുബായിലും ആസ്ഥാനങ്ങളുണ്ട്. റിയാദിലുൽപ്പെടെ മിഡിലീസ്റ്റിലുടനീളമുള്ള വിവിധ നഗരങ്ങളിലും ഓഫീസുകൾ പ്രവർക്കുന്നുമുണ്ട്. ചൈനീസ് ടെക്‌നോളജി സ്ഥാപനങ്ങളെ ഒഴിവാക്കാൻ അമേരിക്ക സഖ്യകക്ഷികളെ പ്രേരിപ്പിക്കുന്നതിനിടെയാണ് സൌദിയിൽ സാന്നദ്ധ്യം വർധിപ്പിക്കുവാനുള്ള ഹുആവെയുടെ ശ്രമം.




